Posted By user Posted On

ലോകത്തിലെ മികച്ച 100 ആശുപത്രികളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള നാല് ആശുപത്രികൾ

ബ്രാൻഡ് ഫിനാൻസ് പുറത്തു വിട്ട പുതിയ ഗ്ലോബൽ ടോപ്പ് 250 ഹോസ്‌പിറ്റൽസ് റിപ്പോർട്ട് അനുസരിച്ച്, ഖത്തറിലെ നാല് ആശുപത്രികൾ ഇപ്പോൾ ലോകത്തിലെ മികച്ച 100 ആശുപത്രികളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ഖത്തർ ഒരു വലിയ നാഴികക്കല്ല് കൈവരിച്ചിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 82ആം സ്ഥാനത്തായിരുന്ന ഹമദ് ജനറൽ ആശുപത്രി 44ആം സ്ഥാനത്തെത്തി. 99ആം സ്ഥാനത്ത് നിന്നിരുന്ന അൽ വക്ര ആശുപത്രി 46ആം സ്ഥാനത്താണ്. എച്ച്എംസി ഹാർട്ട് ഹോസ്പിറ്റൽ 175-ൽ നിന്ന് 84ആം സ്ഥാനത്തെത്തി, നാഷണൽ സെൻ്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച് (എൻസിസിസിആർ) 93ആം സ്ഥാനത്തുമെത്തി.

ഓരോ വർഷവും ആയിരക്കണക്കിന് ബ്രാൻഡുകളെ വിലയിരുത്തുന്ന ഒരു ആഗോള കൺസൾട്ടൻസിയാണ് ബ്രാൻഡ് ഫിനാൻസ്. രോഗി പരിചരണം, മെഡിക്കൽ നവീകരണം, ആശുപത്രിയുടെ പ്രശസ്‌തി, ക്ലിനിക്കൽ ഫലങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം, നൂതന സാങ്കേതികവിദ്യ, രോഗിയെ കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ എന്നിവയ്ക്കുള്ള ഖത്തറിൻ്റെ പ്രതിബദ്ധത ഇതിലൂടെ ഉയർത്തിക്കാട്ടുന്നു. ആഗോള റാങ്കിംഗിൽ, മൂന്നാം സ്ഥാനത്തേക്ക് വീണ മയോ ക്ലിനിക്കിന് പകരമായി ജോൺസ് ഹോപ്‌കിൻസ് ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്തെത്തി. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.

റിപ്പോർട്ടിൽ മിഡിൽ ഈസ്റ്റ് ശക്തമായ വളർച്ച പ്രകടമാക്കിയിട്ടുണ്ട്, ഖത്തറും മൊറോക്കോയും ഗണ്യമായ പുരോഗതി കൈവരിച്ചു. MENA മേഖലയിൽ നിന്നുള്ള 12 ആശുപത്രികൾ ലോകത്തിലെ മികച്ച 100-ൽ ഇടംപിടിച്ചിരിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version