ഈ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെർച്ച് ചെയ്താല്‍ ജയിലില്‍ എത്തിയേക്കാം; ചിലപ്പോൾ കഠിനശിക്ഷയും ലഭിച്ചേക്കാം
ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ചില പ്രത്യേക കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാൽ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം . ചില സെര്‍ച്ചുകള്‍ വെറുതെ ഒരു ആകാംക്ഷ ശമിപ്പിക്കാന്‍ നടത്തുന്നവ ആയിരിക്കാം. പക്ഷേ അവയും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ലോകമെമ്പാടുമുള്ള നിയമപാലകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയാണ്.
ചില സെര്‍ച്ചുകളില്‍ ദേശിയ സുരക്ഷയ്ക്ക് ഭീഷണി ആവാനുള്ള സാധ്യതയുണ്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നതിനാലാണ് ഇത്. സെര്‍ച്ച് ചെയ്താല്‍ ഒരുപക്ഷേ നിങ്ങളെ ജയിലിലെത്തിച്ചേക്കാന്‍ സാധ്യതയുള്ള ഏതാനും കാര്യങ്ങള്‍ ഇതാ:
എങ്ങനെ ബോംബ് ഉണ്ടാക്കാം?, അന്വേഷിക്കുന്നതും തെറ്റ്
മിക്ക രാജ്യങ്ങളിലും സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നത് ഗൗരവമുള്ള കുറ്റകൃത്യമായാണ് കാണുന്നത്. പ്രഹരശേഷിയുള്ള ആയുധങ്ങള്‍, ബോബ് തുടങ്ങിയവ ഒരു വ്യക്തിയോ സംഘടനയൊ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ദേശീയ-സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയായിരിക്കും എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇക്കാര്യങ്ങളെക്കുറിച്ചുള്ള സെര്‍ച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കും. ഈ സെര്‍ച്ച് നടത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായേക്കാം. അറസ്റ്റ്, ചോദ്യംചെയ്യല്‍, ജയില്‍ ശിക്ഷ എന്നിവ നേരിടേണ്ടിവന്നേക്കാം.
ചൈല്‍ഡ് പോണോഗ്രാഫി
ഇന്റര്‍നെറ്റില്‍ ചൈല്‍ഡ് പോണോഗ്രാഫി കണ്ടെത്താന്‍ ശ്രമിക്കുന്നത് അന്തര്‍ദേശീയ നിയമങ്ങള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ കടുത്ത നിയമങ്ങളാണ് എല്ലാ രാജ്യങ്ങളിലും തന്നെ നിലനില്‍ക്കുന്നത്. ഇത്തരം സെര്‍ച്ചുകള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ലോകമെമ്പാടുമുള്ള നിയമപാലകര്‍ ജാഗരൂകരായി ഇരിക്കുന്നു.
ഒരാള്‍ യാദൃശ്ചികമായി പോലും ഇത്തരം ഉള്ളടക്കം കാണേണ്ടിവന്നാല്‍ പ്രശ്‌നത്തിലായേക്കാം എന്നതിനാലാണ് ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇനി ജാഗ്രത പുലര്‍ത്തണം എന്നു പറുയന്നത്. ചൈല്‍ഡ് പോണോഗ്രാഫി നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നതിനാല്‍, ഒരാള്‍ ഇന്റര്‍നെറ്റ് ബ്രൗസിങ് നടത്തുന്ന സമയത്ത് ഇത് കടന്നുവരുന്നില്ല എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ഹാക്കിങ് ട്യൂട്ടോറിയലുകള്‍, സോഫ്റ്റ്‌വെയര്‍
ഇന്റര്‍നെറ്റ് നോക്കി ഹാക്കിങ് പഠിച്ചെടുക്കാന്‍ ശ്രമിച്ചാലും നിയമനടപടി നേരിടേണ്ടി വന്നേക്കാം. മിക്ക രാജ്യങ്ങള്‍ക്കും ഇന്ന് മികച്ച സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ഉണ്ട്. ഇവയുടെ ലംഘനമായിരിക്കും ഹാക്കിങ് ട്യൂട്ടോറിയലുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതും, അതിനുള്ള സോഫ്റ്റ്‌വെയര്‍ അന്വേഷിക്കുന്നതും. ഇന്ത്യയിലെ ഐടി ആക്ട് ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തുന്നു. അമേരിക്കയിലെ കംപ്യൂട്ടര്‍ ഫ്രോഡ് ആന്‍ഡ് അബ്യൂസ് ആക്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിയമങ്ങള്‍ നിലനില്‍ക്കുന്നു എന്നുള്ളിനുള്ള ഉദാഹരണമാണ്.
എന്നാല്‍, എത്തിക്കല്‍ ഹാക്കിങ് പഠിപ്പിക്കാന്‍ അംഗീകാരം ഉള്ളവരില്‍ നിന്ന് പഠിച്ചെടുക്കാം. പക്ഷെ, ദുരുദ്ദേശത്തോടെയുള്ള ഹാക്കിങിനോട് വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക്. കുറ്റകരമായി കണ്ടെത്തിയാല്‍ നിയമനടപടി നേരിടേണ്ടിവന്നേക്കാം. ജയില്‍ ശിക്ഷ പോലും ലഭിക്കാം.
പൈറേറ്റഡ് മൂവീസ്
സിനിമകളും മറ്റ് കണ്ടെന്റും നിയമവരുദ്ധമായി കാണാന്‍ ശ്രമിക്കുന്നത് നിരുപദ്രവകരമായ ഒരു കാര്യമായി പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇത് ബൗദ്ധികാവകാശ നിയമത്തിന്റെയും, പകര്‍പ്പവകാശ നിയമത്തിന്റെയും ലംഘനമാണ്. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് സേര്‍ച്ച് വഴി പൈറേറ്റഡ് ഉള്ളടക്കം കണ്ടെത്താന്‍ ശ്രമിക്കുന്നത് പിടിക്കപ്പെട്ടാല്‍ ശിക്ഷ ലഭിക്കാം.
ഇത്തരത്തിലുള്ള തിരച്ചിൽ നടക്കുന്നുണ്ടോ എന്നറിയാന്‍ ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ വിദഗ്ധര്‍ സശ്രദ്ധം കണ്ണുകൂര്‍പ്പിച്ചിരിക്കുന്നു. ആവശ്യമെങ്കില്‍ വിവരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നു. നിയമവിരുദ്ധമായ സേര്‍ച്ചുകള്‍ കണ്ടെത്താനും അതു നടത്തുന്നവര്‍ക്കെതിരെ ഇനിയുള്ള കാലത്ത് കനത്ത ശിക്ഷാ നടപടികള്‍ ഉറപ്പാക്കാനുള്ള ശ്രമവും ഉണ്ടായിരിക്കും. എല്ലാത്തരം വിവരങ്ങളും അറിയാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരായി തീര്‍ന്നു കഴിഞ്ഞതിനാല്‍, ഉത്തരവാദിത്വത്തോടെയുള്ള സെര്‍ച്ചുകളാണ് നടത്തുന്നത് എന്ന് ഓരോരുത്തരും ഉറപ്പാക്കേണ്ടതായും ഉണ്ട്. ജിജ്ഞാസ ശമിപ്പിക്കാനായി പോലും ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നത് നിയപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം എന്ന് അറിഞ്ഞുവയ്ക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)