ഗസ്സക്ക് മരുന്നുമായി ഖത്തർ; ജോർഡൻ വഴി എയർ ബ്രിഡ്ജ്
ദോഹ: വെടിനിർത്തലിന് പിന്നാലെ ശാന്തമായ ഗസ്സക്ക് ആവശ്യമായ മരുന്നുകളെത്തിക്കാൻ ജോർഡൻ വഴി എയർ ബ്രിഡ്ജിന് തുടക്കം കുറിച്ച് ഖത്തർ. ജോർഡനിലെ കിങ് അബ്ദുല്ല എയർബേസിൽനിന്ന് ഗസ്സയിലെ ഖാൻ യൂനിസിലെ അൽ ഗറാറയിലേക്ക് മരുന്നുകളെത്തിക്കുന്നതിനുള്ള അടിയന്തര ആകാശപാതക്കാണ് ഖത്തറിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.
ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പങ്കെടുത്ത യോഗത്തിൽ എയർബ്രിഡ്ജ് സംബന്ധിച്ച് അന്തിമരൂപം നൽകി. ജോർഡനിലെ ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി, ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹമ്മദ് അൽ കുവാരി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.
ഖത്തർ എയർ ബ്രിഡ്ജ് ഉദ്ഘാടനം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് നിർവഹിച്ചപ്പോൾ
എയർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ മിസ്നും ജോർഡൻ ചാരിറ്റി ഓർഗനൈസേഷനും ഒപ്പുവെച്ചു. ആകാശമാർഗം ജോർഡനിലെത്തുന്ന ഖത്തറിന്റെ സഹായ വസ്തുക്കൾ റോഡ് മാർഗം ഗസ്സയിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 65 ട്രക്കുകളിലായി ജോർഡൻ അതിർത്തി വഴി ഖത്തർ സഹായമെത്തിച്ചതായി മന്ത്രി പറഞ്ഞു. ഈ ലാൻഡ് ബ്രിഡ്ജിന് പുറമെയാണ് ജോർഡൻ എയർ ബേസിൽനിന്ന് ഖാൻ യൂനിസിലേക്ക് രണ്ട് ഹെലികോപ്ടറുകൾ വഴി മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് നേതൃത്വത്തിലാണ് സഹായം വസ്തുക്കൾ ഏകോപിപ്പിക്കുന്നത്. കരമാർഗം ഇതിനകം രണ്ട് ലക്ഷം ടെന്റുകൾ ഖത്തർ ഗസ്സയിലെത്തിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)