ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി ഹോണ്ട, ഒറ്റ ചാർജ്ജിൽ 80 കിമി വരെ ഓടും
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ ഹോണ്ട QC1 പുറത്തിറക്കി. ഈ പുതിയ സ്‍കൂട്ടറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 90,000 രൂപയാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറാണിത്. ആക്ടിവ ഇലക്ട്രിക്കിൻ്റെ വില 1.17 ലക്ഷം രൂപയാണ്. ഇതിനേക്കാൾ ഏകദേശം 27,000 രൂപ കുറവാണ് ഹോണ്ട ക്യുസി1ന്. ഡിസൈനിൻ്റെ കാര്യത്തിൽ, ഹോണ്ട QC1 വളരെ ലളിതമാണ്. മിനിമൽ ബോഡി സ്റ്റൈലിംഗാണ് ഇതിൽ കാണുന്നത്. ബോഡി പാനലുകൾ ഏതെങ്കിലും തരത്തിലുള്ള വിഷ്വൽ ഗ്രാഫിക്സ് കൊണ്ട് അലങ്കരിച്ചിട്ടില്ല. ആകെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, പിയർ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക് എന്നിവ ഉൾപ്പെടുന്നു.
ഹോണ്ട QC1-ൽ, 1.5kWh ശേഷിയുള്ള ഒരു നിശ്ചിത ബാറ്ററി പായ്ക്ക് കമ്പനി നൽകിയിട്ടുണ്ട്. ഇത് ഹബ്-മൌണ്ട് ചെയ്ത BLDC ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മോട്ടോർ 1.8kW കരുത്തും 77Nm ടോർക്കും സൃഷ്ടിക്കുന്നു. ഈ ബാറ്ററി പാക്ക് സ്കൂട്ടറിന് ഏകദേശം 80 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് മാത്രമല്ല, ഈ സ്‌കൂട്ടറിന് 0-40 കി.മീ/മണിക്കൂർ വേഗത വെറും 9.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും, അതിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 50 കി.മീ ആണ്. ഈ സ്‌കൂട്ടറിൻ്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂർ 50 മിനിറ്റ് എടുക്കുമെന്ന് ഹോണ്ട പറയുന്നു.
ഈ ഇലക്ട്രിക് സ്‍കൂട്ടറിൽ 5 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ഹോണ്ട നൽകിയിരിക്കുന്നത്. ഇതുകൂടാതെ, ഫുൾ എൽഇഡി ലൈറ്റിംഗ് സജ്ജീകരിച്ചിരിക്കുന്ന ഈ സ്‍കൂട്ടറിന് യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് പോലുള്ള സവിശേഷതകളും നൽകിയിട്ടുണ്ട്. സീറ്റിനടിയിൽ 26 ലിറ്റർ ബൂട്ട് സ്പേസും ഉണ്ട്. അതായത് സീറ്റിനടിയിൽ സ്റ്റോറേജ് ലഭിക്കും. അതിൽ നിങ്ങൾക്ക് ആവശ്യമായ വസ്‍തുക്കൾ സൂക്ഷിക്കാം. ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇതിലുണ്ട്.
QC1 ൻ്റെ കെർബ് വെയ്റ്റ് 89.5 കിലോഗ്രാം മാത്രമാണ്. ഇതിന് പെട്രോൾ ആക്ടിവ പോലെ 130 mm (മുന്നിൽ) 110 mm (പിൻ) ഡ്രം ബ്രേക്ക് സജ്ജീകരണമുണ്ട്. മുൻവശത്ത് 12 ഇഞ്ച് വീൽ കോമ്പിനേഷനും പിന്നിൽ 10 ഇഞ്ച് അലോയ് വീൽ കോമ്പിനേഷനും ഉണ്ട്. ഇതിൻ്റെ ഡിസൈൻ ആക്ടിവ ഇലക്ട്രിക്കിനോട് വളരെ സാമ്യമുള്ളതാണെങ്കിലും, സൂക്ഷ്മമായി നോക്കുമ്പോൾ, ചെറിയ വ്യത്യാസങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
ഇന്ത്യയിൽ ഉടനീളം സാധുതയുള്ള കെയർ പ്ലസ് പാക്കേജും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ വില 9,900 രൂപയാണ്. ഇത് അഞ്ച് വർഷത്തെ വാർഷിക മെയിൻ്റനൻസ് (AMC) വാഗ്ദാനം ചെയ്യുന്നു. ഇതിൽ മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറൻ്റിയും രണ്ട് വർഷത്തെ എക്സ്റ്റെൻഡഡ് വാറൻ്റിയും ഉൾപ്പെടുന്നു. ഉപഭോക്താക്കൾ കെയർ പ്ലസ് പാക്കേജ് പ്രത്യേകം വാങ്ങണം. എങ്കിലും, ഈ സ്‌കൂട്ടറിന് കമ്പനി സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ വാറൻ്റി നൽകുന്നു.
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ ഈ ഇലക്ട്രിക് സ്കൂട്ടറിൻ്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലർഷിപ്പ് വഴിയും വെറും 1000 രൂപയ്ക്ക് ഇത് ബുക്ക് ചെയ്യാം. തുടക്കത്തിൽ, ഈ സ്കൂട്ടർ രാജ്യത്തെ ആറ് നഗരങ്ങളിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്. ഡൽഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ചണ്ഡീഗഢ് എന്നിവ ഈ നഗരങ്ങളിൽ ഉൾപ്പെടുന്നു
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)