മാതാവിനെ ലഹരിക്കടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ (53) ഏക മകനായ ആഷിഖാണ് കൊലപ്പെടുത്തിയത്.
മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇവിടെ വെച്ചായിരുന്നു സംഭവം. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിലവിളി ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. ആഷിഖും കൊല്ലപ്പെട്ട സുബൈദയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തട്ടിക്കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആഷിഖ് മയക്കു മരുന്നിന് അടിമയാണെന്നും നാട്ടുകാർ പറയുന്നു.
നേരത്തേയും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് അടുത്ത വീട്ടിൽ നിന്ന് തേങ്ങ പൊളിക്കാൻ എന്ന് പറഞ്ഞു വെട്ടുകത്തി ആഷിഖ് വാങ്ങിയിരുന്നു. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനുശേഷം വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)