യുഎഇയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു; മാസ്ക് ധരിക്കാം, ഫ്ളൂ വാക്സീൻ എടുക്കാം
യുഎഇയിൽ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന. രോഗികളിൽ 60 ശതമാനം പേർക്കും പകർച്ചപ്പനി സ്ഥിരീകരിച്ചതായി വിവിധ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സീസണിൽ ഒന്നിലേറെ വൈറൽ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. യുഎഇയിൽ ശൈത്യകാലത്ത് വിവിധയിനം പകർച്ചപ്പനികൾ ഉണ്ടാകാറുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഇൻഫ്ലുവൻസ ബാധിച്ച പലരിലും ഒരേ സമയം ഒന്നിലേറെ വൈറസുകൾ കണ്ടെത്തുന്നുണ്ടെന്നും സൂചിപ്പിച്ചു. പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ യുഎഇ ഒക്ടോബറിൽ സീസണൽ ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചിരുന്നു.
ഇൻഫ്ലുവൻസ ലക്ഷണങ്ങൾ
ശൈത്യകാലത്ത് കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ (ഫ്ലൂ). ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചികിത്സിച്ചു മാറ്റാവുന്നതാണ് പകർച്ചപ്പനി. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ചികിത്സ തേടണം. ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ചികിത്സ തേടുന്നതാണ് അഭികാമ്യം.
Comments (0)