Posted By user Posted On

സമൂഹ മാധ്യമത്തിന് പിടിമുറുക്കാൻ ഖത്തർ: ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്; നിയന്ത്രണം കടുപ്പിച്ച് രാജ്യം

ദോഹ ∙ സമൂഹ മാധ്യമങ്ങളുടെ അധാർമികവും നിരുത്തരവാദപരവുമായ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമ നിർമാണം നടത്തണമെന്ന് ഖത്തർ ശൂറ കൗൺസിൽ. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ശൂറാ കൗൺസിൽ യോഗം ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭക്ക് മുൻപാകെ സമർപ്പിക്കാൻ തീരുമാനിച്ചു.അഭിപ്രായ സ്വാതന്ത്രവും വ്യക്തിസ്വാതന്ത്ര്യവും ഖത്തർ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥകളും പൊതു രീതികളും ധാർമികതയും എല്ലാവരും പാലിക്കണമെന്നും ദേശീയ പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമി പറഞ്ഞു. എന്നാൽ പല സമൂഹ മാധ്യമ ഉള്ളടക്കങ്ങളും ഇതിന് വിപരീതമാണ്. ഉള്ളടക്കങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിന് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് ഏർപ്പെടുത്തണമെന്ന നിർദേശമാണ് ഖത്തർ ശൂറാ കൗൺസിൽ മന്ത്രിസഭക്ക് മുൻപാകെ സമർപ്പിച്ചത്.വിദേശ സംസ്കാരങ്ങളുടെ കടന്നുകയറ്റം തടയുക, ദേശീയതയും, ധാർമികതയും ഉറപ്പാക്കുക, അനിയന്ത്രിതമായ പരസ്യങ്ങളുടെ വ്യാപനം തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് ബന്ധപ്പെട്ട അധികാരികളിൽനിന്നും ലൈസൻസ് അനുവദിക്കണമെന്ന് ശൂറ കൗൺസിൽ നിർദേശിച്ചു. സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ ദേശീയ-സാമൂഹിക ഐക്യത്തിന് ഹാനികരമല്ലെന്നും വിദ്വേഷ പ്രസംഗങ്ങൾ, വിവേചനം, അക്രമം എന്നിവ ഒഴിവാക്കുകയും സാംസ്കാരിക പൈതൃകം, മൂല്യങ്ങൾ, ദേശീയ സ്വത്വം എന്നിവയെ മാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സാമൂഹിക ഉത്തരവാദിത്തവും വിശ്വാസ്യത, ബൗദ്ധിക സ്വത്തവകാശം, സുതാര്യത, തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്ത്രീയവുമായ വിവരങ്ങൾ ഒഴിവാക്കുക എന്നിവയും ഉൾക്കൊള്ളുന്ന പെരുമാറ്റച്ചട്ടത്തോടെയാവും ലൈസൻസ് നൽകുന്നത്. ഇത് സംബന്ധിച്ച നിർദേശം വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ഇൻഫർമേഷൻ കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അഹ്മദ് അൽ ഉബൈദാനാണ് ശൂറ കൗൺസിലിൽ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിലാണ് സമൂഹ മാധ്യമ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിർദേശം കാബിനറ്റിന് സമർപ്പിക്കാൻ ശൂറ കൗൺസിൽ തീരുമാനിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version