Posted By user Posted On

ഖത്തറിലെ മൾട്ടി നാഷനൽ കമ്പനികൾക്ക് ആദായ നികുതി വർധിക്കും; നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അനുമതി

ദോഹ ∙ ഖത്തറിലെ മൾട്ടി നാഷനൽ കമ്പനികൾക്ക് 15 ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ തയാറെടുത്ത് അധികൃതർ. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് ഖത്തർ ശൂറ കൗൺസിൽ അംഗീകാരം നൽകി. മൂന്ന് ബില്യൺ റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കാണ് 15 ശതമാനം ആദായ നികുതി ഏർപ്പെടുത്തുക. വിദേശത്ത് ശാഖകളുള്ള ഖത്തരി കമ്പനികളും ഖത്തറിൽ ശാഖകളുള്ള വിദേശ കമ്പനികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ആദായനികുതിയുമായി ബന്ധപ്പെട്ട 2018 ലെ 24–ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമത്തിന് ഇന്നലെ നടന്ന ശൂറ കൗൺസിൽ അംഗീകാരം നൽകിയത്. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന മൾട്ടിനാഷനൽ കമ്പനികൾക്ക് 10 ശതമാനമായിരുന്നു പ്രാദേശിക നികുതി. നിയമം പ്രാബല്യത്തിൽ വരുമ്പോൾ 15 ശതമാനം നികുതി നൽകേണ്ടി വരും. എന്നാൽ പുതിയ നിയമം വ്യക്തികളെയോ ഖത്തറിലെ തദ്ദേശീയ കമ്പനികളെയോ ബാധിക്കില്ല. തദ്ദേശീയ കമ്പനികളും വ്യക്തികളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി (ജിടിഎ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നാസർ അലി അൽ ഹെജ്ജി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ നിലവിൽ 10 ശതമാനം ആദായനികുതി അടക്കുന്നവരാണ്. പുതിയ നിയമം മൾട്ടി നാഷനൽ കമ്പനികളെ മാത്രമെ ബാധിക്കുകയുള്ളവെന്നും ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമം ആഗോള ഖത്തരി കമ്പനികളെ രാജ്യത്തിന് പുറത്ത് (15 ശതമാനം) നികുതി അടയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും ഖത്തറിനുള്ളിൽ നികുതി വിഹിതം നിലനിർത്തുകയും ചെയ്യുമെന്നും അത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട നികുതിയുടെ അവസരങ്ങൾ കുറയ്ക്കുകയും പ്രാദേശികമായി നികുതി ബാധ്യതകൾ തീർപ്പാക്കാനും ഈ നിയമത്തിലൂടെ സാധ്യകമാകുമെന്ന് നാസർ അലി അൽ ഹെജ്ജി പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version