ഖത്തറിൽ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു
ദോഹ∙ മാനസികാരോഗ്യ ചികിത്സകൾ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാനസികാരോഗ്യ പ്രശ്നമുള്ളവർക്ക് പരിശോധന, ചികിത്സ, പരിചരണം എന്നിവ ഈ കേന്ദ്രങ്ങളിൽ ലഭ്യമാകും. അൽ വാബ് ഹെൽത്ത് സെന്‍റർ, അൽ സദ്ദ് ഹെൽത്ത് സെന്‍റർ, അൽ മഷാഫ് ഹെൽത്ത് സെന്‍റർ, ഖത്തർ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്‍റർ, അൽ വജ്ബ ഹെൽത്ത് സെന്‍റർ തുടങ്ങിയ 24 ക്ലിനിക്കുകളിലാണ് പുതിയ സേവനം.ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഒരേസമയം കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും. രോഗികൾക്ക് സമയബന്ധിതമായ ചികിത്സ എളുപ്പത്തിൽ ലഭിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സേവനം കൂടുതൽ ഉപകാരപ്രദമാകും. ഒറ്റപ്പെടലിന്‍റെയും ജോലിഭാരത്തിന്‍റെയും മാനസിക സമ്മർദ്ദം നേരിടുന്ന എല്ലാവർക്കും പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ എത്തി ഈ സേവനം ഉപയോഗപ്പെടുത്താം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)