ദേശീയ ദിനാഘോഷത്തിൽ വിവിധ പരിപാടികളുമായി സജീവമായി കതാറ
ദോഹ: നാലു ദിവസങ്ങളിലായി പതിനായിരങ്ങൾ ഒഴുകിയെത്തി കതാറയിലെ ദേശീയ ദിനാഘോഷങ്ങൾ. ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രിയോടെ സമാപിച്ച കതാറയായിരുന്നു ഇത്തവണ ദോഹയിലെ ഏറ്റവും തിരക്കേറിയ ആഘോഷ കേന്ദ്രം. പൈതൃക പരിപാടികളും ആവേശം പകർന്ന സൈനിക പ്രദർശനങ്ങളും മറ്റ് കലാ, സാംസ്കാരിക പരിപാടികളുമായി ദേശീയ ദിനാഘോഷ പരിപാടികൾ ബുധനാഴ്ചയോടെ അവസാനിച്ചു. പൗരന്മാരും പ്രവാസികളും കുടുംബ സമേതം അവധി ദിനത്തിൽ ഒഴുകിയെത്തി. പാരാമോട്ടോർ പ്രകടനം, സൈനിക ബാൻഡ് പ്രകടനം, ഖത്തറിന്റെ പരമ്പരാഗത നൃത്തമായ അർദ, അൽ തുറായ പ്ലാനറ്റോറിയത്തിലെ പ്രദർശനങ്ങൾ, രാഷ്ട്രത്തോട് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്ന ബുക്ക് ഓഫ് ലോയൽറ്റി ആൻഡ് ഡിവോഷൻ തുടങ്ങി നിരവധി നിരവധി പരിപാടികൾ കതാറയിൽ നടന്നു. ഉച്ച തിരിഞ്ഞ് മൂന്ന് മുതൽ ആരംഭിച്ച പരിപാടികൾ രാത്രി വൈകും വരെ നീണ്ടുനിന്നു. ഖത്തർ സായുധ സേന സെന്റർ ഫോർ പെർഫോമൻസ് ആൻഡ് മിലിറ്ററി മ്യൂസിക് അവതരിപ്പിച്ച ബാൻഡ് മേളവും കതാറക്ക് മുകളിലൂടെയുള്ള പാരച്യൂട്ട് പ്രകടനവും കാണികളെ വിസ്മയം കൊള്ളിച്ചു. പരമ്പരാഗത അർദാ നൃത്തം കാഴ്ചക്കാരെ ആകർഷിച്ചു. അൽ തുറായ പ്ലാനറ്റോറിയത്തിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ജീവിതവും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. രാജ്യത്തിന്റെ അഭിവൃദ്ധിക്കും ആഗോള അംഗീകാരത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയായിരുന്നു ഡോക്യുമെന്ററി.ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024 കലാശപ്പോരാട്ടത്തിന്റെ തത്സമയ പ്രദർശനവും കതാറയിൽ അരങ്ങേറി. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും മെക്സികോയുടെ പച്ചൂക്കയും തമ്മിലുള്ള മത്സരം കതാറ കോർണിഷിൽ സ്ഥാപിച്ച കൂറ്റൻ സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. അൽ ഗന്നാസ് സൊസൈറ്റിയുടെയും അൽ ഗലായിൽ ചാമ്പ്യൻഷിപ്പിന്റെയും പ്രത്യേക പവിലിയനുകളും സന്ദർശകർക്ക് പുതുമയേകുന്ന അനുഭവമാണ് സമ്മാനിച്ചത്.
Comments (0)