ഖത്തർ ദേശീയ ദിനത്തിന് ഇനി 5 നാൾ; സാംസ്കാരിക പൈതൃക പെരുമയിൽ രാജ്യം, ആഘോഷത്തിൽ വിപണിയും
ദോഹ ∙ ഖത്തർ ദേശീയ ദിനത്തിലേക്ക് ഇനി 5 നാൾ. സാംസ്കാരിക പൈതൃക പെരുമയിൽ രാജ്യം. ദേശീയ ദിനം ആഘോഷമാക്കാൻ സ്വദേശി–പ്രവാസി സമൂഹവും. 1878 ഡിസംബര്‍ 18ന് ഖത്തറിന്റെ സ്ഥാപക ഭരണാധികാരി ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഭരണത്തിലേറിയതിന്റെ സ്മരണ പുതുക്കിയാണ് രാജ്യം ഡിസംബര്‍ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്. 2007 ജൂണില്‍ പുതിയ ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് വരെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായ 1971 സെപ്റ്റംബര്‍ 3 ന്റെ ഓര്‍മപുതുക്കി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 3 നായിരുന്നു ദേശീയ ദിനമായി ആചരിച്ചിരുന്നത്. 2007 മുതല്‍ക്കാണ് ഖത്തർ ദേശീയ ദിനം ഡിസംബര്‍ 18 ന് ആഘോഷിക്കാൻ തുടങ്ങിയത്. ദേശീയ ദിനത്തിൽ രാജ്യത്തിന് പൊതു അവധിയാണ്. അമീരി ദിവാൻ ആണ് അവധി പ്രഖ്യാപിക്കുന്നത്. 2007 മുതലാണ് ദേശീയ ദിനത്തിൽ പൊതു അവധി നൽകുന്നത്. ∙ സൈനിക കരുത്തറിയിച്ച് ദേശീയ ദിന പരേഡ്ദേശീയ ദിനത്തിലെ വലിയ ആകർഷണമാണ് ദേശീയ ദിന പരേഡ്. ദോഹ കോർണിഷിൽ അതിരാവിലെയാണ് പരേഡ് നടക്കുക. പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പരേഡിനെ അഭിവാദ്യം ചെയ്യും. വിവിധ വകുപ്പ്് മന്ത്രിമാർ, സൈനിക മേധാവികൾ, രാജ കുടുംബാംഗങ്ങൾ എന്നിവരെല്ലാം പരേഡ് കാണാനെത്തും.രാജ്യത്തിന്റെ സൈനിക ശക്തി പ്രകടമാക്കുന്നതാണ് പരേഡ്. കര, വ്യോമ, നാവിക സേനങ്ങളും കാലാൾപടകളും പരേഡിൽ അണിനിരക്കും. പുത്തൻ സൈനിക വാഹനങ്ങൾ, സൈന്യത്തിലെ കുതിരകൾ, ഒട്ടകങ്ങൾ, നായകൾ എന്നു വേണ്ട രാജ്യത്തിന്റെ മുഴുവൻ സൈനിക കരുത്തും എടുത്തുകാട്ടുന്നതാണ് പരേഡ്. വ്യോമ സേനയുടെ ഡ്രോണുകളും യുദ്ധ വിമാനങ്ങളും ഉൾപ്പെടെ ആകാശത്ത് അഭ്യാസ പ്രകടനം നടത്തും. ∙ ദർബ് അൽ സായിയിൽ ആഘോഷ തിരക്ക്ഉം സലാൽ അലിയിലെ ദർബ് അൽ സായിയിൽ ആണ് രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദി. ദേശീയ ദിനത്തിന് ഒരാഴ്ച മുൻപേ ഇവിടുത്തെ ആഘോഷങ്ങൾ തുടങ്ങും. ഇത്തവണ ഡിസംബർ 10നാണ് തുടക്കമായത്. സാംസ്കാരിക, പൈതൃക പെരുമയിലാണ് ഇവിടുത്തെ പരിപാടികൾ. പരമ്പരാഗത വാൾ നൃത്തമായ അർധയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ആകർഷണം. കത്താറയിലും ദർബ് അൽ സായിയിലുമെല്ലാം വൈകുന്നേരങ്ങളിൽ സ്വദേശികൾ പരമ്പരാഗത വേഷമണിഞ്ഞ് അർധയിൽ പങ്കെടുക്കും. ∙ രാജ്യമെങ്ങും ആഘോഷംസ്വദേശി–പ്രവാസി വ്യത്യാസമില്ലാതെയാണ് ദേശീയ ദിനാഘോഷത്തിലെ ജന പങ്കാളിത്തം. സ്വദേശികൾക്കൊപ്പം ദേശീയ പതാകയും പതാകയിലെ നിറങ്ങളും കൊണ്ട് വാഹനങ്ങൾ അലങ്കരിക്കുന്നതിലും ഖത്തറിന്റെ പരമ്പരാഗത വേഷങ്ങൾ ധരിക്കുന്നതിലും വാഹന റാലികളിൽ പങ്കെടുക്കുന്നതിലും പ്രവാസികളും മുൻപിലാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രത്യേകിച്ചും കുടുംബങ്ങളാണ് ആഘോഷത്തിൽ സജീവമാകുന്നത്. ദേശീയ പതാകയും കയ്യിലേന്തി പരമ്പരാഗത വേഷത്തിൽ നടക്കുന്ന കുട്ടികൾ കത്താറയിലെ കൗതുക കാഴ്ചകളിലൊന്നാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ത ആഘോഷ പരിപാടികളാണ് നടക്കാറുള്ളത്. ദോഹ കോർണിഷ്, ഓൾഡ് ദോഹ പോർട്ട്, കത്താറ കൾചറൽ വില്ലേജ്, മിഷെറിബ് ഡൗൺ ടൗൺ, ലുസെയ്ൽ ബൗളെവാർഡ്, ആസ്പയർ സോൺ തുടങ്ങി രാജ്യത്തുടനീളം ആഘോഷങ്ങൾ ഉണ്ടാകും. ദേശീയ ദിനത്തിൽ വൈകിട്ട് മുതൽ അർദ്ധ രാത്രി വരെ ലുസെയ്ൽ ബൗളെവാർഡിൽ നടക്കുന്ന അത്യാഡംബര കാറുകളുടെ പരേഡ് കാണാനും ജനക്കൂട്ടമെത്തും. ദോഹ കോർണിഷിലും കത്താറയിലും രാത്രിയിലെ വർണാഭമായ വെടിക്കെട്ട് കാണാനും വലിയ തിരക്കാണ്. ∙ ആഘോഷത്തിൽ വിപണിയുംദേശീയ ദിനത്തിൽ രാജ്യത്തിന്റെ എയർലൈൻ ആയ ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും ദേശീയ ദിന സ്പെഷൽ ഓഫറുകളും ആരംഭിച്ചിട്ടുണ്ട്.ആഭ്യന്തര വിപണിയിൽ ചെറുതും വലുതുമായ ദേശീയ പതാകകൾ, സുവനീറുകൾ, അമീറിന്റെ ചിത്രം പതിപ്പിച്ച ഗ്ലാസുകൾ, പാത്രങ്ങൾ, സ്കാർഫുകൾ, ഗിഫ്റ്റുകൾ തുടങ്ങി ദേശീയ പതാകയിലെ മെറൂണും വെള്ളയും കലർന്ന ഒട്ടനവധി ഉൽപന്നങ്ങൾ എത്തിയിട്ടുണ്ട്. 2 റിയാൽ മുതൽ വിൽപന സജീവമാണ്. വാഹനങ്ങളും വീടുകളും അലങ്കരിക്കാനുള്ള തോരണങ്ങൾ വരെ വിപണിയിലുണ്ട്.
Comments (0)