ഖത്തറിൽ വീണ്ടും ഫുട്ബോൾ ആരവമുയരും, ഇന്റർകോണ്ടിനെന്റൽ കപ്പിന് നാളെ തുടക്കം
ദോഹ ∙ ഖത്തറിന്റെ ഗാലറികളിൽ വീണ്ടും കാൽപന്തുകളിയുടെ കളിയാരവങ്ങളുമായി ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന് നാളെ തുടക്കമാകും. മത്സരത്തിനായി ക്ലബ്ബുകൾ ദോഹയിലേക്ക് എത്തിതുടങ്ങി. ഫൈനൽ ഉൾപ്പെടെ 3 മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. ഫിഫയുടെ റഫറി കമ്മിറ്റി നോമിനേറ്റ് ചെയ്ത ഖത്തറിന്റെ അബ്ദുൾറഹ്മാൻ അൽ ജാസിം, താലിബ് സലേം അൽമാരി എന്നിവരാണ് റഫറികൾ. ബ്രസീലിയൻ ലീഗിലെ ജേതാക്കളായ ബോട്ടോഫോഗോ മത്സരത്തിനായി ചൊവ്വാഴ്ച രാവിലെ ദോഹയിലേക്ക് എത്തിയിട്ടുണ്ട്. മത്സര ടിക്കറ്റുകൾക്ക് –https://www.fifa.com/en/tournaments/mens/intercontinentalcup/2024/ticketsമത്സര ക്രമം അറിയാം∙ ഡിസംബർ 11ന് ബ്രസീലിന്റെ ബോട്ടാഫോഗോയും മെക്സിക്കോയുടെ സിഎഫ് പച്ചുക്കയും തമ്മിൽ രാത്രി 10.30നാണ് മത്സരം. ഫിഫ ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തിലാണ് പോരാട്ടം. ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിലെ മൂന്നാം മത്സരമായ ഫിഫ ഡെർബി ഓഫ് അമേരിക്കാസ് ആണിത്. ∙ ഡിസംബർ 14ന് ബോട്ടോഫോഗോ–പച്ചൂക്ക മത്സര വിജയിയും ഈജിപ്തിന്റെ അൽ അഹ്‌ലിയും തമ്മിലാണ് പോരാട്ടം. 974 സ്റ്റേഡിയത്തിൽ രാത്രി 10.30നാണ് മത്സരം. ടൂർണമെന്റിലെ നാലാമത്തെ മത്സരമായ ഫിഫ ചലഞ്ചർ കപ്പ് ആണിത്.∙ ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്. ചലഞ്ചർ കപ്പ് ജേതാക്കളും യൂറോപ്യൻ ക്ലബ് ചാംപ്യൻസ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. എന്താണ് ഫിഫ കോണ്ടിനെന്റൽ കപ്പ് പരിഷ്കരിച്ച പുതിയ ഫിഫ കോണ്ടിനെന്റൽ കപ്പ് ക്ലബ്ബുകൾ തമ്മിലുള്ള മത്സരമാണ്. യുവേഫ ചാംപ്യൻസ് ലീഗ് ജേതാവും ഇന്റർകോണ്ടിനെന്റൽ പ്ലേഓഫ് മത്സരങ്ങളിലെ ജേതാക്കൾ ഉൾപ്പെടെ എല്ലാ പ്രീമിയർ ക്ലബ് മത്സരങ്ങളിലെ കോൺഫെഡറേഷൻ ചാംപ്യന്മാരും തമ്മിലുള്ള മത്സരമാണ് ഇന്റർകോണ്ടിനെന്റൽ കപ്പ്. ഫിഫയുടെ 6 കോൺഫെഡറേഷനുകളിലെ ക്ലബ് ചാംപ്യന്മാരാണ് മത്സരിക്കുന്നത്. ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യ മത്സരമായ ആഫ്രിക്കൻ–ഏഷ്യൻ–പസഫിക് പ്ലേ ഓഫ് കഴിഞ്ഞ സെപ്റ്റംബറിൽ യുഎഇയിലാണ് നടന്നത്. ഓക്ക് ലൻഡ് സിറ്റിയെ രണ്ടിനെതിരെ 6 ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ ഏയ്ൻ ആണ് ജേതാക്കളായത്. രണ്ടാമത്തെ മത്സരം ആഫ്രിക്കൻ–ഏഷ്യൻ–പസഫിക് കപ്പ് ഒക്ടോബർ 29ന് ഈജിപ്തിലെ കെയ്റോയിലാണ് നടന്നത്. ഏകപക്ഷീയമായ 3 ഗോളുകൾക്ക് അൽ അഹ് ലി അൽ എയ്നെ പരാജയപ്പെടുത്തി. ടൂർണമെന്റിലെ മൂന്നാമത്തെ മത്സരമായ ഫിഫ ഡെർബി ഓഫ് ദ അമേരിക്കാസ്, നാലാമത്തെ ഫിഫ ചലഞ്ചർ കപ്പ്, ഇന്റർകോണ്ടിനെന്റൽ ഫൈനൽ എന്നിവയ്ക്കാണ് ദോഹ വേദിയാകുന്നത്.
Comments (0)