ഖത്തറിന്റെ ഉം അൽ ഷെയ്ഫ് ഏരിയയെ പ്രകൃതി സംരക്ഷണകേന്ദ്രമാക്കും; കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം
ദോഹ: ഖത്തറിലെ ഉം അൽ ഷെയ്ഫ് ഏരിയയെ പ്രകൃതി സംരക്ഷണ കേന്ദ്രമായി പരിഗണിക്കുന്നതു സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. പരിസ്ഥിതി–കാലാവസ്ഥ വ്യതിയാന മന്ത്രിയുടെ കരട് തീരുമാനത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. പ്രദേശത്തിന്റെ പാരിസ്ഥിതിക, ചരിത്ര പ്രാധാന്യം കണക്കിലെടുത്തും മുത്തുവാരൽ കേന്ദ്രങ്ങളും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുമാണ് ഉം അൽ ഷെയ്ഫ് ഏരിയയെ പ്രകൃതി സംരക്ഷണ കേന്ദ്രമാക്കി മാറ്റുന്നത്. ഖത്തറിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന ഉം അൽ ഷെയ്ഫ് ഏരിയ മേഖലയിലെ തന്നെ മുത്തുവാരലിന് സുപ്രധാനവും പ്രശസ്തവുമായ ഇടമാണ്. ഖത്തറിന്റെ ജലവിഭവങ്ങളിൽ ഏറ്റവും പ്രശസ്തമായ പവിഴ ശേഖരമുള്ളതും ഇവിെടയാണ്. സമ്പന്നമായ സമുദ്ര പരിസ്ഥിതിയും ആവാസ വ്യവസ്ഥയുമാണ് ഇവിടുത്തെ പ്രത്യേകത എന്നതിനാൽ പലതരം മീനുകൾ, പവിഴപുറ്റുകൾ, ചിപ്പികൾ എന്നിവയ്ക്ക് മികച്ച വാസസ്ഥലം കൂടിയാണിത്. ഉം അൽ ഷെയ്ഫ് ഏരിയയെ പ്രകൃതി സംരക്ഷണ ഇടമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മീൻ പിടിത്ത നിരോധനം ഉൾപ്പെടെ ഒട്ടനവധി നടപടികളും ഈ പ്രദേശത്ത് ഉണ്ടാകും. ഖത്തരി സമുദ്രത്തിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ശക്തിപ്പെടുത്താനും ജൈവവൈവിധ്യത്തെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ളതാണ് നടപടികൾ. മറ്റ് കേന്ദ്രങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ കനക്കുമ്പോഴും മികച്ച പരിസ്ഥിതി നിലനിർത്തുന്ന ഉം അൽ ഷെയ്ഫിനെ സംരക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനം ഖത്തരി സമുദ്രത്തിലെ സ്വാഭാവിക മുത്തുചിപ്പി ശേഖരത്തെ കൂടുതൽ സംരക്ഷിക്കപ്പെടാനും ഇടയാക്കും.
പ്രകൃതി, സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തീരുമാനം. ഖത്തർ ദേശീയ ദർശന രേഖ 2030ലെ മൂന്നാമത് ദേശീയ പദ്ധതി നടപ്പാക്കുന്നതിന്റെയും ജൈവ വൈവിധ്യം സംബന്ധിച്ച യുഎൻ ഉടമ്പടി അനുസരിച്ചുള്ളതുമാണ് ഉം അൽ ഷെയ്ഫ് ഏരിയയെ പ്രകൃതി സംരക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)