Posted By user Posted On

ഗ്യാസോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം; ഒരേ ലക്ഷണങ്ങളോ? അറിയാം കൂടുതൽ

നെഞ്ചിലുണ്ടാകുന്ന ഒരു എരിച്ചിലാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമെന്നാണ് പറയുന്നത്. എന്നാല്‍ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്കും ഇതേ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്.

ഒരേ ലക്ഷണങ്ങള്‍ കാണിക്കുന്ന വിവിധ രോഗങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. അത്തരത്തിലുള്ള രോഗങ്ങളാണ് ഹാര്‍ട്ട് അറ്റാക്കും ഗ്യാസ് അഥവാ അസിഡിറ്റിയും. നെഞ്ചിലുണ്ടാകുന്ന ഒരു എരിച്ചിലാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമെന്നാണ് പറയുന്നത്. എന്നാല്‍ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്കും ഇതേ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്.

അതുകൊണ്ട് തന്നെ ഇവ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ആരോഗ്യസ്ഥിതി വഷളാകാന്‍ സാധ്യതയുണ്ട്. ഹൃദയാഘാതവും അസിഡിറ്റിയുമായി ബന്ധപ്പെട്ട വേദനയും തമ്മിലുള്ള വ്യത്യാസവും അവയുടെ ലക്ഷണങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുകയാണ് മുംബൈയിലെ ജസ്ലോക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഹൃദ്രോഗ വിദഗ്ധനായ ജോ രാഹുല്‍ ചബരിയ. ഒണ്‍ലി മൈഹെല്‍ത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയാഘാതവും ഗ്യാസും

ഹൃദയാഘാതത്തിനും ഗ്യാസ് അഥവാ അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും പൊതുവെ കണ്ടുവരുന്ന പ്രധാന ലക്ഷണമാണ് നെഞ്ചുവേദന. ദഹനത്തിലെ പ്രശ്‌നങ്ങളാണ് ഗ്യാസിലേക്ക് നയിക്കുന്നത്. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും അസിഡിറ്റി ഉണ്ടാകാറുണ്ട്. നിങ്ങളുടെ ഡയഫ്രത്തില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനും അതിലൂടെ നെഞ്ച് വേദന ഉണ്ടാകാനും ഗ്യാസ് കാരണമാകും. അതേസമയം ഹൃദയത്തിലെ രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണവും നെഞ്ചുവേദന തന്നെയാണ്.

ഹൃദയാഘാതവും അസിഡിറ്റിയും എങ്ങനെ തിരിച്ചറിയാം?

ഹൃദയാഘാതം സംഭവിക്കുന്ന ഭൂരിഭാഗം പേര്‍ക്കും നെഞ്ചുവേദനയാണ് ആദ്യം ഉണ്ടാകുന്നത്. ഇടതുനെഞ്ചിലാണ് വേദന അനുഭവപ്പെടുന്നത്. കൂടാതെ ഇടതുകൈയ്യിലും കഴുത്തിലും, താടിയെല്ലിലും ഈ വേദന പടരുന്നതായി തോന്നുന്നുവെന്നും രോഗികള്‍ പറയാറുണ്ട്. മുമ്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത വേദനയാണിതെന്നാണ് പലരും പറയുന്നത്. വേദനയോടൊപ്പം ചിലരുടെ ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യാറുണ്ട്.

ഗ്യാസ്ട്രിക് അസിഡിറ്റിക് വേദനയുടെ ലക്ഷണങ്ങള്‍

  • അടിവയറ്റിലും നെഞ്ചിലും ഉണ്ടാകുന്ന എരിച്ചില്‍.
  • ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കും ലക്ഷണങ്ങള്‍ അനുഭവപ്പെടുക.
  • ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഉറങ്ങാന്‍ കിടക്കുന്നവര്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരും.
  • അന്റാസിഡുകള്‍ കഴിക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നു.
  • കിടക്കുമ്പോള്‍ വായ്ക്കുള്ളില്‍ പുളിരസം അനുഭവപ്പെടും.

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ :

  • നെഞ്ചില്‍ ആരംഭിച്ച വേദന ഇടതുകൈയിലേക്കും കഴുത്തിലേക്കും താടിയെല്ലിലേക്കും വ്യാപിക്കും.
  • ഓക്കാനം, അടിവയറ്റില്‍ വേദന എന്നിവ അനുഭവപ്പെടും.
  • ശ്വാസതടസം അനുഭവപ്പെടും.
  • അമിതമായി വിയര്‍ക്കും.
  • ക്ഷീണം തോന്നും.
  • തലകറക്കം, തലയ്ക്ക് ഭാരമില്ലായ്മ എന്നിവ അനുഭവപ്പെടും.

വൈദ്യസഹായം തേടേണ്ടത് എപ്പോള്‍ ?

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പരിഭ്രമിക്കാതെ എത്രയും വേഗം വൈദ്യസഹായം തേടണം. അമിത വിയര്‍പ്പ്, ഇടതുനെഞ്ചിനും ഇടതു കൈയ്ക്കും കഴുത്തിനും ഉണ്ടാകുന്ന വേദന, ശ്വാസതടസം, നെഞ്ചിന് ഭാരമേറിയതുപോലെ തോന്നുക എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍ ഇത്തരം ലക്ഷണങ്ങളെ നിസാരമായി തള്ളിക്കളയരുത്. എപ്പോഴും ജാഗ്രത പാലിക്കണം. പുരുഷന്‍മാര്‍ 45 വയസിന് ശേഷവും സ്ത്രീകള്‍ 55 വയസിന് ശേഷം ഹൃദ്രോഗവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തേണ്ടതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version