ഖത്തര്‍ റിയാലിന് 23 രൂപ വിനിമയ നിരക്ക്; മൂല്യത്തകര്‍ച്ച നേട്ടമാക്കി പ്രവാസികള്‍
ദോഹ ∙ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ കത്തിക്കയറി ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്കും. ഇന്നത്തെ വിപണി അനുസരിച്ച് ഒരു ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയാണ് വിനിമയ നിരക്കെങ്കിലും പണവിനിമയ സ്ഥാപനങ്ങളില്‍ 23 രൂപ 10 പൈസയ്ക്കും 23 രൂപ 15 പൈസയ്ക്കും ഇടയിലാണ് വിനിമയ നിരക്ക് ലഭിക്കുക. വിപണിയിലേതിനേക്കാള്‍ 10-15 ദിര്‍ഹം കുറവാണ് നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ ലഭിക്കുന്ന നിരക്ക്. രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. മാസാവസാനം ആകുമ്പോഴേക്കും വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഗണ്യമായ പ്രയോജനം നല്‍കും. കഴിഞ്ഞ 6 മാസത്തിനിടെ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ക്കു നടുവിലായിരുന്നു വിനിമയ നിരക്ക്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് ഒരു റിയാലിന് 22 രൂപ 99 പൈസ ആയിരുന്നതാണ് ഇപ്പോള്‍ 23 രൂപ കടന്നത്. ഓഗസ്റ്റ് പകുതിയില്‍ നേരിയ തോതില്‍ രൂപയുടെ മൂല്യം ഉയര്‍ന്നപ്പോള്‍ വീണ്ടും 22 രൂപയിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസത്തില്‍ തന്നെ 23 രൂപയിലേക്ക് തിരികെയെത്തിയിരുന്നു.
സെപ്റ്റംബര്‍ 17 മുതല്‍ അവസാന ആഴ്ചകളില്‍ വരെ റിയാല്‍-രൂപ വിനിമയ നിരക്ക് 22 രൂപ 98 പൈസയിലേക്ക് മടങ്ങിയെത്തി. നീണ്ട ആഴ്ചകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30 നാണ് വീണ്ടും 23 എത്തിയത്. തുടര്‍ന്നിങ്ങോട്ട് നേരിയ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും 23 രൂപയില്‍ നിന്ന് താഴോട്ട് പോയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗണ്യമായ വളര്‍ച്ചയാണ് വിനിമയ നിരക്കില്‍ ഉണ്ടായിരിക്കുന്നത്. 2014 ല്‍ 17 രൂപയായിരുന്ന വിനിമയ നിരക്കാണ് ഇന്ന് 23 ല്‍ എത്തി നില്‍ക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് റിയാലുമായുള്ള വിനിമയ നിരക്കിന്റെ വര്‍ധനയ്ക്ക് പിന്നില്‍. ജിഡിപിയിലെ വളര്‍ച്ച, പണപ്പെരുപ്പം, പലിശ നിരക്ക്, പൊതു തിരഞ്ഞെടുപ്പ്, വ്യാപാര കരാര്‍ തുടങ്ങി നിരവധി ഘടകങ്ങളും വിനിമയ നിരക്കിനെ സ്വാധീനിക്കുന്നുണ്ട്.
∙ വര്‍ഷം 10, വര്‍ധന 36.68 ശതമാനം
പതിനേഴില്‍ നിന്ന് 23 ലേയ്ക്ക് എത്താന്‍ 10 വര്‍ഷക്കാലമെടുത്തു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശ വിനിമയ കമ്പനികളുടെ കണക്കുകള്‍ പ്രകാരം 10 വര്‍ഷത്തിനിടെ 36.68 ശതമാനമാണ് റിയാല്‍-രൂപ വിനിമയ നിരക്കിലെ വര്‍ധന. 17 രൂപ 49 പൈസയിലാണ് 2014 ഡിസംബര്‍ 30ന് നിരക്ക് അവസാനിച്ചത്. 2015 ഓഗസ്റ്റ് അവസാനത്തിലാണ് 18 രൂപയായി വര്‍ധിച്ചത്. 4.80 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. 2016 ല്‍ പതിനെട്ടില്‍ നിന്ന് താഴെ പോയിട്ടില്ല. 2017 ല്‍ പക്ഷേ വിനിമയ നിരക്കില്‍ 5.99 ശതമാനം കുറവ് സംഭവിച്ച് 16 രൂപയിലേക്ക് വരെ കുറഞ്ഞിരുന്നു. 2018 ഏപ്രിലില്‍ വീണ്ടും 18 രൂപയിലേക്ക് എത്തുകയും ഓഗസ്റ്റില്‍ 19 ലേക്ക് കടന്ന് ഒക്‌ടോബറില്‍ 20 രൂപയിലേക്ക് ഉയര്‍ന്ന് ഡിസംബറില്‍ വീണ്ടും 19 ലേയ്ക്ക് തിരിച്ചെത്തി.
2019 ല്‍ 2.25 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. ഇടയ്ക്ക് പതിനെട്ടിലേക്ക് ഇടിഞ്ഞെങ്കിലും 19 രൂപയിലാണ് വര്‍ഷം അവസാനിച്ചത്. 19 രൂപ 34 പൈസയായിരുന്നു ശരാശരി നിരക്ക്. 2020 മുതലാണ് വിനിമയ നിരക്കില്‍ ഗണ്യമായ കുതിപ്പ് സംഭവിക്കുന്നത്. 2.56 ശതമാനമായിരുന്നു നിരക്ക് വര്‍ധന. ജനുവരിയില്‍ 19 രൂപയില്‍ തുടങ്ങിയ കുതിപ്പ് മാര്‍ച്ചില്‍ 20 കടന്നു. ഏപ്രില്‍ മാസത്തില്‍ ഏറ്റക്കുറച്ചിലുകളോടെ 20-21 ഇടയിലായിരുന്നു മിക്ക ദിവസങ്ങളിലും വിനിമയ നിരക്ക്. മേയ് മുതല്‍ ഡിസംബര്‍ വരെ 20 രൂപയെന്ന സ്ഥിരത തുടര്‍ന്നു. 20 രൂപ 36 പൈസയായിരുന്നു ശരാശരി നിരക്ക്.
2021 ഓഗസ്റ്റില്‍ ഇടയ്ക്ക് 19 രൂപയിലേക്ക് കുറഞ്ഞെങ്കിലും ഡിസംബര്‍ വരെ വീണ്ടും 20 രൂപയില്‍ മുന്നേറ്റം തുടര്‍ന്നു. 20 രൂപ 29 പൈസയാണ് 2021 ലെ ശരാശരി നിരക്ക്. 2021 മാര്‍ച്ച് മുതല്‍ 21 ലേയ്ക്കും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 22 രൂപയെന്ന വലിയ കുതിപ്പിലേക്കുമാണ് വിനിമയ നിരക്ക് കടന്നത്. 2022 ല്‍ ഏതാണ്ട് 11.23 ശതമാനം വരെയായിരുന്നു വിനിമയ നിരക്ക് ഉയര്‍ന്നത്. 21 രൂപ 57 പൈസ ആയിരുന്നു 2022 ലെ ശരാശരി നിരക്ക്.
2023 ലുടനീളം 22 രൂപയില്‍ സ്ഥിരത ഉറപ്പാക്കി. 22 രൂപ 66 പൈസയായിരുന്നു ശരാശരി. 0.84 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. നടപ്പു വര്‍ഷം ഓഗസ്റ്റ് 5നാണ് 23 രൂപയിലേക്കുള്ള കുതിപ്പ്. ഈ വര്‍ഷം ഇതുവരെ 1.93 ശതമാനമാണ് നിരക്ക് വര്‍ധന. 1 ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയിലാണ് വിപണിയില്‍ വിനിമയ നിരക്ക് പുരോഗമിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)