ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് അവാർഡ്
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് പുരസ്കാരം നൽകാനുള്ള തൊഴിൽ മന്ത്രാലയം നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തൊഴിൽ മന്ത്രാലയത്തിന്റെ ‘ഖത്തർ അവാർഡി’ന് തത്ത്വത്തിൽ അംഗീകാരം നൽകിയത്.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച് നിയമനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കായിരിക്കും അവാർഡ് നൽകുക. സ്ഥാപനങ്ങൾക്ക് നിശ്ചയിക്കുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം എന്ന ലക്ഷ്യങ്ങൾ കൈവരിക്കുക വഴി ഖത്തർ ദേശീയ വിഷൻ നടപ്പാക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന വലിയ സംഭാവന കണക്കിലെടുത്തുകൊണ്ടാണ് സ്ഥാപനങ്ങളെ ആദരിക്കുന്നത്.
ഇതുവഴി സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ സ്വദേശി വത്കരണത്തിനായി ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുക, പൗരന്മാരെ തൊഴിലിനായി ശാക്തീകരിക്കുക, തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ യോഗ്യരാക്കുക എന്നിവയും ലക്ഷ്യം വെക്കുന്നു.
2024ലെ 12ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനമായത്. സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച അമീറിന്റെ നിർദേശം ഒക്ടോബർ 19ഓടെ ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ ആറുമാസമാണ് പുതിയ നിയമം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് സമയപരിധി നൽകിയത്. നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും അനുശാസിക്കുന്നു. സ്വദേശികളെ തൊഴിൽ മേഖലകളിലേക്ക് ശാക്തീകരിക്കുന്നതിന് മന്ത്രാലയം നേതൃത്വത്തിൽ വിവിധ പദ്ധതികളും ശിൽപശാലകളും ആരംഭിക്കുന്നുണ്ട്.
സ്വദേശിവത്കരണ അവാർഡിന് പുറമെ, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും അന്റാല്യയിൽ നടന്ന ഖത്തർ-തുർക്കിയ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിലെ നിർദേശങ്ങളും മന്ത്രിസഭ സ്വാഗതം ചെയ്തു. കോസ്റ്ററിക്കയിൽ നടന്ന ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഴിമതി വിരുദ്ധ അവാർഡ് ജേതാക്കളെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)