ഖത്തറില്‍ ബോട്ട് ഷോ; സന്ദർശകരുടെ പ്രവാഹം, ഷോയുടെ സമയം ദീര്‍ഘിപ്പിച്ച് അധികൃതര്‍
ദോഹ: ബുധനാഴ്ച ആരംഭിച്ച ഖത്തർ ബോട്ട് ഷോയിൽ സന്ദർശകരുടെ പ്രവാഹം. അപ്രതീക്ഷിതമായി പൊതു അവധി ദിനങ്ങളെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇരട്ടിയായി. ഇതോടെ, ഷോയുടെ സമയം രാത്രി പത്തു വരെ ദീർഘിപ്പിച്ചതായി ഖത്തർ ബോട്ട് ഷോ സംഘാടകർ അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രാത്രി പത്തുവരെ നീട്ടിയത്. വൈകുന്നേരം മൂന്ന് മണിക്കാണ് ഷോ ആരംഭിക്കുന്നത്. അവസാന ദിനമായ ശനിയാഴ്ച ഉച്ചക്ക് മൂന്ന് മുതൽ രാത്രി എട്ടു വരെയാവും പ്രവേശനം അനുവദിക്കുന്നത്. ഓൾഡ് ദോഹ പോർട്ടിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഷോയിൽ ആദ്യ ദിവസം തന്നെ സന്ദർശകരുടെ തിരക്ക് സജീവമായി. സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ആഡംബര ബോട്ടുകളും, നൗകകളും മുതൽ ജലകായിക വിനോദങ്ങളും അഭ്യാസപ്രകടനങ്ങളും ജലധാരയും ഏറ്റവും ഒടുവിലായി ദോഹയുടെ ആകാശത്ത് വർണവിസ്മയം തീർക്കുന്ന വെടിക്കെട്ടും സമ്മാനിച്ചാണ് ആദ്യ രണ്ടു ദിവസങ്ങളിലെ ഷോ സമാപിച്ചത്. ചൊവ്വാഴ്ച നടന്ന ഹിതപരിശോധനക്കു പിറകെ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചത് ബോട്ട് ഷോയിലെ ജനത്തിരക്കിനും വഴിയൊരുക്കി. ടിക്കറ്റ് കൗണ്ടറിലും സെക്യൂരിറ്റി ചെക്കിലുമുള്ള വരിയും, ദോഹ കോർണീഷ് റോഡിലെ വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗത തടസ്സമുണ്ടാക്കി. ഇതോടെയാണ് ഷോയുടെ സമയം ദീർഘിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചത്. മൂന്നാം ദിനമായ വെള്ളിയാഴ്ച കയാക്, ഫിഷിങ് മത്സരം, പരമ്പരാഗത മുത്തുവാരൽ, ഡൈവിങ് മത്സരം എന്നിവയും വിവിധ സമയങ്ങളിലായി അരങ്ങേറുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)