ഖത്തറില്‍ മൂന്നാം പാദത്തിലും റെക്കോഡ് യാത്രികർ
ദോഹ: മൂന്നു മാസത്തിനിടെ റെക്കോഡ് യാത്രക്കാരെ വരവേറ്റ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ട ഈ വർഷത്തെ മൂന്നാം പാദത്തിൽ 1.37 കോടി യാത്രക്കാർ ഹമദ് വിമാനത്താവളം വഴി യാത്രചെയ്തതായി എച്ച്.ഐ.എ അധികൃതർ അറിയിച്ചു.
മുൻവർഷം ഇതേ കാലയളവിനേക്കാൾ 7.9 ശതമാനം വരെ വർധന രേഖപ്പെടുത്തി. അന്താരാഷ്ട്ര ട്രാൻസിറ്റ് ഹബ്ബ് എന്ന നിലയിൽ യാത്രക്കാരുടെ പ്രിയ കേന്ദ്രമായി ദോഹ മാറിയതിനൊപ്പം നേരിട്ടുള്ള ലക്ഷ്യ കേന്ദ്രമെന്ന നിലയിൽ ‘പോയന്റ് ടു പോയന്റ് ട്രാഫിക്കിലും’ ഈ സീസണിൽ തിരക്കേറിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 11.7 ശതമാനമാണ് ഈ യാത്രാനിരക്കിലെ വർധന.
മൂന്നാം പാദത്തിൽ ഏറ്റവും തിരക്ക് ജൂലൈ മാസത്തിലാണ് റിപ്പോർട്ട് ചെയ്തത്. ചൂട് ശക്തമാവുകയും അവധിക്കാലം ആരംഭിക്കുകയും ചെയ്ത മാസം എന്ന നിലയിൽ അന്താരാഷ്ട്ര, മേഖല യാത്രക്കാരുടെ എണ്ണത്തിൽ ജൂലൈയിൽ റെക്കോഡ് വർധനയുണ്ടായിരുന്നു.
വിമാനത്താവള ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മാസമായി ജൂലൈ മാറി. 47.42 ലക്ഷം യാത്രക്കാരാണ് ജൂലൈയിൽ ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ആഗസ്റ്റിൽ 47.17 ലക്ഷവും സെപ്റ്റംബറിൽ 42.67 ലക്ഷവുമായിരുന്നു യാത്രക്കാർ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)