എന്താണ് സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം; ഖത്തറിലെ മലയാളികള്‍ക്ക് തിരിച്ചടിയോ? പിഴ ഇങ്ങനെ, കൂടുതലറിയാം…
ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കല്‍ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീല്‍ഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല. സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർഥികളില്ലെങ്കില്‍ ഖത്തരി വനിതകളുടെ കുട്ടികള്‍ക്ക് മുൻഗണന നല്‍കണം.
എന്താണ് സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം
നിയമം നടപ്പാക്കുന്നതിലൂടെ സ്വകാര്യ മേഖലയിൽ സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്വദേശികൾക്ക് മുൻതൂക്കം നൽകുന്ന രീതിയിൽ സ്വകാര്യമേഖലയിലെ തൊഴിൽ വിപണി മാറുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകും.
വാണിജ്യ റജിസ്‌ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യം വെക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ സ്ഥാപങ്ങളിൽ എല്ലാം സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രലയം വ്യക്തമാക്കിയിരുന്നു .
മലയാളികൾക്കും തിരിച്ചടിയോ?
ഖത്തറിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന പ്രവാസികളായ മലയാളികൾക്ക് ഉൾപ്പടെ പുതിയ നിയമം വൻ തിരിച്ചടിയാകും.
നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചു ആറുമാസം പൂർത്തിയാകുന്നതോടെ പ്രാബല്യത്തിൽ വരും. വരും ദിവസങ്ങളിൽ നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും.
സ്വദേശിവൽക്കരണം; ഖത്തറിന്റെ സാമ്പത്തിക വികസനത്തിന് നിർണായകം
ഖത്തറിന്റെ സാമ്പത്തിക, തൊഴിൽ വൈവിധ്യവൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ രംഗത്ത് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യൂസിഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശിവൽക്കരണം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
തൊഴിൽമേഖലയിലെ ഈ മത്സരാധിഷ്ടിത അന്തരീക്ഷം ദ്രുതഗതിയിലുള്ള മാറ്റങ്ങളെ ഉൾകൊള്ളാൻ പാകമാക്കുന്നതിനൊപ്പം ഭാവിയെ നയിക്കാൻ ശേഷിയുള്ള നേതൃത്വത്തെയും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമലംഘകകർക്ക് 10 ലക്ഷം റിയാൽ പിഴ
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ ലഭിക്കും. നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗസറ്റിലാണ് നിയമം പ്രസിദ്ധീകരിച്ചത്.നിയമലംഘകകർക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥ പുതിയ നിയമത്തിലെ 11,12 വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നിയമലംഘനം കണ്ടെത്തിയാൽ അത് ശരിയാക്കാനുള്ള മുന്നറിയിപ്പ് സ്ഥാപനത്തിന്ന് നൽകുകയും മൂന്നു മാസത്തിൽ കൂടാത്ത കാലയളവിലേക്ക് തൊഴിൽ മന്ത്രാലയവുമായുള്ള സ്ഥാപനത്തിന്റെ എല്ലാവിധ ഇടപാടുകളും മരവിപ്പിക്കുകയും ചെയ്യും. ഈ നിയമലംഘനത്തിന്റെ പേരിൽ ചെറിയ പിഴ ഈടാക്കുകയും ചെയ്യും.
എന്നാൽ സ്ഥാപനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ കണക്കുകളോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ആർട്ടിക്കിൾ 12 അനുസരിച്ച് കടുത്ത ശിക്ഷയാണ് ലഭിക്കുക. തെറ്റായ വിവരങ്ങൾ നൽകി സ്വദേശിവൽക്കരണത്തിൽ നിന്ന് പിന്തിരിയുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തിൽ കൂടാത്ത തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും. സ്വദേശികൾക്കായി നീക്കി വയ്ക്കേണ്ട പോസ്റ്റുകൾ മറ്റു വിഭാഗത്തിലേക്ക് മാറ്റുക, സ്ഥാപനത്തിലെ തൊഴിലവസരങ്ങൾ അതത് സമയങ്ങളിൽ അറിയിക്കാതിരിക്കുക തുടങ്ങിയ നടപടികൾ കടുത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനങ്ങളായിട്ടാണ് പുതിയ നിയമം പരിഗണിക്കുന്നത്. ഖത്തരികൾക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കുമാണ് സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)