ഇറാഖിലെ സൗരോർജ പദ്ധതിയിൽ പങ്കാളിയായി ഖത്തർ എനർജി
ദോഹ: ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ എനർജി. വൻകിട ഊർജ കമ്പനിയായ ടോട്ടൽ എനർജിയുമായി ചേർന്നാണ് 1.25 ജിഗാ വാട്ടിന്റെ സൗരോർജ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.നിർമാണത്തിന്റെ 50 ശതമാനം ഖത്തർ എനർജിയും ശേഷിച്ച 50 ശതമാനം ടോട്ടൽ എനർജിയും വഹിക്കും. 20 ലക്ഷത്തോളം സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ സൗരോർജ പാടമാണ് ഇറാഖിൽ ആസൂത്രണം ചെയ്യുന്നത്.ഇറാഖിലെ ബസ്റ മേഖലയുടെ മുഴുവൻ വൈദ്യുതി ആവശ്യങ്ങൾക്കുമുള്ള പരിഹാരമായി ഈ വൻകിട പദ്ധതി മാറും. 2025ൽ ആരംഭിച്ച് 2027ഓടെ പൂർത്തിയാവുന്ന പദ്ധതി വഴി ബസ്റ മേഖലയിലെ 3.50 ലക്ഷത്തോളം വീടുകൾക്ക് വൈദ്യുതി നൽകാൻ കഴിയും.ഇറാഖിന്റെ 2700 കോടി ഡോളറിന്റെ ഗ്യാസ് ഗ്രോത്ത് ഇന്റഗ്രേറ്റഡ് പ്രോജക്ടിന്റെ (ജി.ജി.ഐ.പി) ഭാഗമായാണ് ടോട്ടൽ എനർജി നേതൃത്വത്തിൽ സൗരോർജ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.നിലവിൽ മേഖലയിൽതന്നെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ഇറാഖ്. ആവശ്യമായതിന്റെ 40 ശതമാനവും ഇറാനിൽനിന്ന് വാങ്ങുന്നതാണ്. എന്നാൽ, അത്യുഷ്ണ കാലങ്ങളിലെ വർധിച്ച ആവശ്യത്തിന് പരിഹാരമില്ലാതെ വൈദ്യുതി മുടക്കം പതിവായ പശ്ചാത്തലത്തിലാണ് ഈ പദ്ധതിയിലേക്ക് നീങ്ങിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)