Posted By user Posted On

2 ദിവസം നിര്‍ത്താമോ എന്ന് ഈജിപ്ത്; നിര്‍ണായക നീക്കവുമായി ഇസ്രായേല്‍, മൊസാദ് ചീഫ് ഖത്തറില്‍

ദോഹ: 400 ദിവസത്തോട് അടുക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധം എങ്ങനെ അവസാനിക്കുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരമില്ല. നിരവധി പലസ്തീന്‍ നേതാക്കള്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. മുതിര്‍ന്ന കമാന്റര്‍ ഉള്‍പ്പെടെ നിരവധി സൈനികരെ ഇസ്രായേലിനും നഷ്ടമായി. രണ്ട് ലക്ഷത്തോളം പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അര ലക്ഷത്തോളം എന്ന് ഔദ്യോഗിക കണക്കും.

മാസങ്ങള്‍ക്ക് ശേഷം സമാധാന ശ്രമങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഹമാസ് പ്രതിനിധിയായി സമാധാന ചര്‍ച്ചകളില്‍ ഭാഗമായിരുന്ന ഇസ്മാഈല്‍ ഹനിയ്യയെ ഇറാനില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതോടെയാണ് ചര്‍ച്ചകള്‍ നിലച്ചത്. ഹനിയ്യക്ക് പകരം രാഷ്ട്രീയകാര്യ നേതാവായി ചുമതലയേറ്റ യഹിയ സിന്‍വാര്‍ ഗാസ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ നടന്നതുമില്ല. സിന്‍വാറും കൊല്ലപ്പെട്ട പിന്നാലെയാണ് വീണ്ടും ചര്‍ച്ച തുടങ്ങിയത്. യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും ഹമാസിന്റെ പിടിയിലായ ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് സാധിച്ചിട്ടില്ല. ഈ വിഷയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വലിയ തലവേദന സൃഷ്ടിക്കുന്നുമുണ്ട്. അദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസവും പ്രതിഷേധം നടന്നു. ബന്ദികളെ മോചിപ്പിക്കാനും പലസ്തീനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനുമുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

ഒറ്റയടിക്ക് സമാധാനം പുനഃസ്ഥാപിക്കുക എന്നത് നടക്കില്ലെന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഘട്ടങ്ങളായുള്ള പദ്ധതിയാണ് ഈജിപ്ത് മുന്നോട്ട് വച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് ഈജിപ്തിന്റെ ആദ്യ ആവശ്യം. ശേഷം തുടര്‍ ചര്‍ച്ചകളിലൂടെ ദീര്‍ഘകാല വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാമെന്നും ഈജിപ്ത് വ്യക്തമാക്കുന്നു.

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബര്‍ണിയ ഖത്തറിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഡയറക്ടര്‍ വില്യം ബേണ്‍സും ഖത്തറിലെത്തി. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാനുമായി ചര്‍ച്ച നടത്തി. ഗാസയിലുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യമാണ് ഇരുവരും മുന്നോട്ടുവച്ചതത്രെ. നാല് ഇസ്രായേലി ബന്ദികളെ വിട്ടയക്കുക, പകരം ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍കാരെയും വിട്ടയക്കുക. പത്ത് ദിവസത്തിനകം വിശദമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുക… തുടങ്ങിയ നിര്‍ദേശങ്ങളാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം, പലസ്തീനില്‍ മാത്രമല്ല, ലബനാന്‍, ഇറാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെല്ലാം ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട വിഷയം അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ അപലപിക്കണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version