ഖത്തറിലെ പുൽമേടുകളിലേക്ക് വാഹനം കയറ്റുന്നത് കുറ്റകരം; കനത്ത ശിക്ഷയെന്ന് പരിസ്ഥിതി മന്ത്രാലയം
ദോഹ: മഴക്കാലമെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാകുന്ന പുൽമേടുകൾ സംരക്ഷിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
മരുഭൂമിയിലും തീരമേഖലകളിലുമായി പച്ചപ്പ് സജീവമാകുകയും, ഒപ്പം വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പങ്കാളിത്തം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുൽമേടുകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം പൊതുജനങ്ങളെ ഓർമപ്പെടുത്തുന്നത്. പുൽമേടുകൾ ആസ്വദിക്കാനുള്ളതാണെന്നും അവയെ നശിപ്പിക്കരുതെന്നും, പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യം മഴക്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ പുൽമേടുകൾ വീണ്ടും രൂപപ്പെടുകയും ചെടികളുടെ വളർച്ച വേഗത്തിലാകുകയും ചെയ്യും. ഇത്തരം പുൽമേടുകളിലേക്ക് വാഹനങ്ങളിൽ അതിക്രമിച്ച് കടക്കുകയും അതിന് നാശം വരുത്തുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു.
രാജ്യത്തിന്റെ അമൂല്യമായ പാരിസ്ഥിതിക സ്വത്തുക്കളായി കണക്കാക്കപ്പെടുന്ന പുൽമേടുകൾക്ക് ദോഷം വരുത്തുന്ന പെരുമാറ്റങ്ങളും നടപടികളും ഓഴിവാക്കാനും സ്ഥലങ്ങൾ ഉത്തരവാദിത്തത്തോടെ ആസ്വദിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വ്യക്തികളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ പ്രാദേശിക പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്യജീവികൾക്കും പക്ഷികൾക്കും ദോഷം വരുത്തുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)