നോവായി അധ്യാപികയുടെ ആത്മഹത്യ; ‘ഭര്‍ത്താവിന്റെ എച്ചില്‍ പാത്രത്തില്‍ കഴിക്കണം, അടുത്ത് ഇരിക്കാന്‍ പാടില്ല’; നേരിട്ടത് ക്രൂര പീഡനങ്ങൾ
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് നാഗര്‍കോവിലില്‍ മരിച്ചത്. ആറ് മാസം മുന്‍പായിരുന്നു കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയുടെയും നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികിന്റെയും വിവാഹം നടന്നത്. കാര്‍ത്തികിന്റെ അമ്മ തന്നെ ഭര്‍ത്താവുമായി അടുപ്പിക്കുന്നില്ല എന്നാണ് ശ്രുതി പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ‘സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവ് പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു, ആര്‍ത്തവ സമയത്ത് മകളെ തറയിലിരുത്തി, മകളുടെ സ്വര്‍ണവും കൈക്കലാക്കിയതായും’, പിതാവ് ബാബു ആരോപിച്ചു. ‘മരണവിവരം അറിയിച്ചത് കാര്‍ത്തിക്കിന്റെ സഹോദരിയാണ്. മകളുടെ മരണത്തിന് മുന്‍പ് ഭര്‍തൃമാതാവുമായി തമ്മില്‍ വഴക്കുണ്ടായി. കാര്‍ത്തിക്കിനൊപ്പം ഇരുന്ന് ആഹാരം കഴിക്കുന്നതിന്റെ പേരിലായിരുന്നു വഴക്കെന്നും’, ബാബു പറഞ്ഞു. അറസ്റ്റ് ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ് ആശുപത്രിയിലാണ്. സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞ് ഭര്‍തൃമാതാവ് പതിവായി ശ്രുതിയെ പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവായി ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ‘ഞാനും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഇവര്‍ കാരണമാണ് എല്ലാം. എന്റെ ഭര്‍ത്താവിന്റെ അടുത്ത് ഞാനൊന്ന് ഇരിക്കാന്‍ പോലും പാടില്ല. ഒന്നിച്ചിരുന്ന് കഴിക്കാന്‍ പാടില്ല. ഭര്‍ത്താവ് കഴിച്ചതിനുശേഷം ആ എച്ചില്‍പാത്രത്തില്‍ ഭക്ഷണം കഴിക്കണമെന്നാണ് ഇവര്‍ പറയുന്നത്. അമ്മ എന്നോട് ക്ഷമിക്കണം’, അമ്മയ്ക്ക് അയച്ച ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. ‘എന്റെ സ്വര്‍ണം മുഴുവന്‍ ഞാന്‍ സുരക്ഷിതമായി എടുത്തുവച്ചിട്ടുണ്ട്. അദ്ദേഹത്തോട് അത് നിങ്ങളെ തിരിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളത് വാങ്ങണം. തമിഴ്‌നാട്ടിലെ ആചാരപ്രകാരം മരണാനന്തരച്ചടങ്ങില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഇവര്‍ പറഞ്ഞാല്‍ അതിന് സമ്മതിക്കരുത്. അത്രയും വിശ്വസിച്ചാണ് ഇക്കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. എന്നെ ഏതെങ്കിലും വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയി കത്തിച്ചു കളയണം,’ എന്നാണ് ശ്രുതി അവസാനമായി അമ്മയോട് പറഞ്ഞത്. ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത് മുഴുവനും ഭര്‍തൃമാതാവായ സെമ്പകവല്ലിയെക്കുറിച്ചാണ്. കാര്‍ത്തികിന് അമ്മയെ ഭയമാണെന്നും അവര്‍ തന്നെ എന്തുപറഞ്ഞാലും ദ്രോഹിച്ചാലും ഭര്‍ത്താവ് നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും ശ്രുതി പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് വൈദ്യുതിവകുപ്പ് ജീവനക്കാരനാണ് കാര്‍ത്തിക്. ഇയാളുടെ അച്ഛന്റെ മരണത്തോടെ ആ ഒഴിവിലേക്ക് കാര്‍ത്തികിന് നിയമനം ലഭിക്കുകയായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയായ ശ്രുതി അസിസ്റ്റന്റ് പ്രഫസറാണ്. കോയമ്പത്തൂരില്‍ വൈദ്യുതിവകുപ്പിലാണ് എന്‍ജിനിയറായ ശ്രുതിയുടെ അച്ഛന്‍ ബാബുവും ജോലി ചെയ്യുന്നത്. ജോലി സംബന്ധമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവര്‍ കൊല്ലത്തുനിന്ന് കോയമ്പത്തൂരേക്ക് മാറിയതാണ്. പത്തു ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും നല്‍കിയാണ് ശ്രുതിയെ കാര്‍ത്തികിന് വിവാഹം ചെയ്തു നല്‍കിയത്.
Comments (0)