Posted By user Posted On

ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ വന്‍ നവീകരണ പദ്ധതി; ചില സേവനങ്ങള്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റും

ദോഹ: ഖത്തറിലെ ആര്യോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ വന്‍ നവീകരണ പദ്ധതിയുമായി അധികൃതര്‍. ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന വന്‍ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എച്ച്എംസി നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഒന്നാം ഘട്ടം 2025-ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ആശുപത്രിയിലെ രണ്ട് ഇന്‍പേഷ്യന്‍റ് ടവറുകളിലും കെട്ടിടങ്ങളിലെ താഴത്തെ നിലകളിലുമാണ് നവീകരണ പ്രവൃത്തികള്‍ പ്രധാനമായും നടക്കുകയെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് നായിഫ് അല്‍ ഷമ്മാരി പറഞ്ഞു. നവീകരണ പദ്ധതി നടപ്പാക്കുമ്പോള്‍ ഹമദ് ജനറല്‍ ആശുപത്രി രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന ആധുനികവല്‍ക്കരണ പരിപാടി രോഗിയുടെ അനുഭവം ഗണ്യമായി വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. 2025ല്‍ ആരംഭിച്ച് 2028വരെ തുടരുന്ന പദ്ധതി കാലയളവിലുടനീളം ഹമദ് ജനറല്‍ ആശുപത്രിയിലെ സേവനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രണ്ട് പ്രധാന ഇന്‍പേഷ്യന്‍റ് ടവറുകളും അവയ്ക്ക് താഴെയുള്ള താഴത്തെ നിലയും നവീകരിക്കും. ഇതിന് വരും മാസങ്ങളില്‍ കിടത്തിച്ചികിത്സയ്ക്കുള്ള കെട്ടിടങ്ങള്‍ ഒഴിയേണ്ടി വരും, കൂടാതെ നിരവധി ഔട്ട്‌പേഷ്യന്‍റ് ക്ലിനിക്കുകളും മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

പ്രധാനമായും ആയിഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ആശുപത്രിയിലേക്കും മെഡിക്കല്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലേക്കും ആയിരിക്കും നവീകരണ വേളയിലെ ഹമദ് ആശുപത്രിയിലെ സേവനങ്ങളും സംവിധാനങ്ങളും മാറ്റുക. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് സിംഗിള്‍ റൂമുകളും നൂതന സാങ്കേതിക സംവിധാനങ്ങളും ലഭ്യമാക്കും. കൂടാതെ അവരുടെ ചികിത്സാ സമയത്തും ശേഷവും രോഗികളുടെ പരിചരണ അനുഭവം മെച്ചപ്പെടുത്തുന്ന ആധുനിക പരിതസ്ഥിതികള്‍ സൃഷ്ടിക്കും. അതേസമയം, നവീകരണ പരിപാടികള്‍ നടക്കുമ്പോഴും ഹമദ് ആശുപത്രിയില്‍ നിരവധി സേവനങ്ങള്‍ ഇപ്പോഴുള്ളത് പോലെ പ്രവര്‍ത്തനക്ഷമമായി തുടരും. ഒട്ടുമിക്ക ഔട്ട് പേഷ്യന്‍റ് ക്ലിനിക്കുകളും ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. കിടപ്പുരോഗികള്‍ക്ക് ശസ്ത്രക്രിയയും മെഡിക്കല്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്‍റര്‍ ഇവിടെ തന്നെ തുറന്നിരിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version