നിക്ഷേപ, ടൂറിസം സഹകരണവുമായി ഖത്തറും ഇറ്റലിയും
ദോഹ: വ്യവസായ, ടൂറിസം, നിക്ഷേപ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും ഇറ്റലിയും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ബഹുതല മേഖലകളിലെ സഹകരണം സംബന്ധിച്ച് ധാരണയായത്. മ്യൂസിയം, അന്താരാഷ്ട്ര സഹകരണത്തിനും ധാരണയായി.
ഇറ്റലി, ജർമനി സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റോമിലെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അമീർ കൂടിക്കാഴ്ച നടത്തി. വില്ലാ ഡൊറിയ പാംഹിൽ പാലസിൽ ഔദ്യോഗിക വരവേൽപ്പിനു ശേഷമായിരുന്നു കൂടിക്കാഴ്ച. റോമിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നൽകിയ വരവേൽപ്പ്. ഇരുരാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ സൗഹൃദത്തിനും സഹകരണത്തിനും അമീറിന്റെ സന്ദർശനം കരുത്ത് പകരും. സാമ്പത്തിക, ഊർജ, പ്രതിരോധ, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫലസ്തീനിലെ ഗസ്സയിലും, ലബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും, മേഖലയിലെ സംഘർഷ സാഹചര്യങ്ങളും അമീറും പ്രധാനമന്ത്രിയും ചർച്ച ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമിരിദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സെക്യൂരിറ്റി സർവിസ് ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഊർജകാര്യ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘവും സന്ദർശനത്തിൽ അമീറിനെ അനുഗമിക്കുന്നുണ്ട്.
സന്ദർശനത്തിനിടെ ഇറ്റാലിയൻ പാർലമെന്റായ ചേംബർ ഓഫ് ഡെപ്യൂട്ടി സ്പീക്കർ ലോറൻസോ ഫൊണ്ടാനയുമായും അമീർ കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)