ഖത്തറിലെ ജനറൽ ആശുപത്രി അടിമുടി മാറും
ദോഹ: ഖത്തറിന്റെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഹമദ് ജനറൽ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ നവീകരണത്തിന് തയാറെടുക്കുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
ഒന്നാംഘട്ട പ്രവൃത്തികൾ അടുത്ത വർഷത്തോടെ ആരംഭിക്കുമെന്ന് എച്ച്.എം.സി ചീഫ് ഓഫ് ഹെൽത്ത് ഫെസിലിറ്റീസ് ഡെവലപ്മെന്റ് ഹമദ് നാസർ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.
ജനറൽ ആശുപത്രിയിലെ രണ്ട് ഇൻപേഷ്യന്റ് കെട്ടിടങ്ങളും ഗ്രൗണ്ട് നിലയും നവീകരിക്കുന്നതിനായിരിക്കും ഒന്നാംഘട്ടത്തിൽ ശ്രദ്ധ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആശുപത്രി സേവനങ്ങളൊന്നും തടസ്സപ്പെടാതെയാവും വിവിധ പ്രവൃത്തികൾ പുരോഗമിക്കുകയെന്നും അറിയിച്ചു.
40 വർഷമായി ഖത്തറിലെ പൊതുജനങ്ങളുടെ ആരോഗ്യ മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് ഹമദ് ജനറൽ ആശുപത്രി. ഖത്തറിന്റെ ആരോഗ്യ സംവിധാനങ്ങൾക്ക് അടിത്തറപാകിയ ഈ സ്ഥാപനം കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ വികസിപ്പിക്കുകയാണ് -ഹമദ് നാസർ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
ഈ വികസന പ്രവർത്തനങ്ങളിലൂടെ ആശുപത്രിയിലെ ഒരോ മുറിയും നൂതന സാങ്കേതിക സംവിധാനങ്ങളോടെ നവീകരിക്കും. രോഗികൾക്ക് മികച്ച പരിചരണവും അത്യാധുനിക ചികിത്സ സൗകര്യങ്ങൾ നൽകുന്ന കേന്ദ്രവുമായി ഉയർത്തുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.
വരും മാസങ്ങളിൽ രണ്ട് ഐ.പി ടവറുകളിലെ രോഗികളെ ഒഴിപ്പിക്കും. കൂടാതെ നിരവധി ഒ.പി ക്ലിനിക്കുകൾ മറ്റ് ആശുപത്രികളിലേക്ക് മാറ്റും. എന്നാൽ ഹമദ് ജനറൽ ആശുപത്രി എച്ച്.എം.സി ശൃംഖലയിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയായി തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
സർജിക്കൽ, ക്രിട്ടിക്കൽ സർവിസ്, എമർജൻസി സെന്റർ എന്നിവക്കായി ആശുപത്രിയിലെ 370 കിടക്കകൾ പതിവുപോലെ രോഗികൾക്കായി സജ്ജമായിരിക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. നവീകരണ പ്രവർത്തന കാലയളവിലുടനീളം സുപ്രധാന ആരോഗ്യ സേവനങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിലായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ആശുപത്രികൾ വിപുലീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു. 2016 മുതൽ ഒമ്പത് ആശുപത്രികളാണ് പുതുതായി പ്രവർത്തനമാരംഭിച്ചത്.
എച്ച്.എം.സിക്ക് കീഴിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയായ ഐഷ ബിൻത് ഹമദ് അൽ അതിയ്യ, മെഡിക്കൽ കെയർ ആൻഡ് റിസർച് സെന്റർ എന്നിവ രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനമാരംഭിച്ചതാണ്.
നവീകരണ കാലയളവിൽ ജനറൽ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം കുറച്ചാലും പുതിയ ആശുപത്രികളിൽ ഉൾപ്പെടെ മികച്ച സൗകര്യങ്ങളും ശേഷിയും വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)