Posted By user Posted On

സൂപ്പർമാർക്കറ്റിലെ ജോലി മോഹിച്ച് ഗള്‍ഫിലേക്ക്; മലയാളിയെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പീഡനം; സംഭവം ഇങ്ങനെ

ദുബായ്∙ വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിൽ ദുരിതജീവിതം നയിച്ച മലയാളി യുവാവിന് തുണയായി പൊതുമാപ്പ്. ഷാനു കണ്ണു എന്ന 21കാരനാണ് പ്രതീക്ഷകൾക്ക് മങ്ങലേറ്റ് മാനസികവിഷമങ്ങളോടെ പൊതുമാപ്പ് നേടി നാട്ടിലേക്ക് യാത്ര തിരിച്ചത്.
ഓഗസ്റ്റിലാണ് ഷാനു ഉപജീവന മാർഗം തേടി യുഎഇയിലെത്തിയത്. നാട്ടിലെ വീസാ ഏജൻസിക്ക് ഒരു ലക്ഷം രൂപയാണ് ഇതിനായി നൽകിയത്. സൂപ്പർമാർക്കറ്റിൽ പ്രതിമാസം 1400 ദിർഹം ശമ്പളം, താമസ സൗകര്യം, ആരോഗ്യ സുരക്ഷ എന്നിവയായിരുന്നു വാഗ്ദാനം.

സന്ദർശക വീസയിലാണ് യുഎഇയിലെത്തിയത്. പിന്നീട് എംപ്ലോയ്മെന്‍റ് വീസയിലേയ്ക്ക് മാറ്റുമെന്ന വീസാ ഏജന്‍റിന്‍റെ വാക്കുകൾ വിശ്വസിച്ചു. എന്നാൽ കെട്ടിട നിർമാണ ജോലിയായിരുന്നു നൽകിയത്. ആ ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ മാനസികമായി ഏറെ പീഡിപ്പിച്ചു. ശാരീരീകമായും ഏജന്‍റിന്‍റെ ആൾക്കാർ പീഡിപ്പിച്ചു.

പിന്നീട് എയർ കണ്ടീഷണർ(എസി) മെയിന്‍റനൻസ് ജോലി ചെയ്യാൻ നിർബന്ധിച്ചു. പ്ലംബിങ് ജോലി കുറച്ച് അറിയാമെന്നതിനാൽ പിടിച്ചു നിന്നു. എന്നാൽ, അതും സാധ്യമാകാത്തപ്പോൾ ഏജന്‍റിന്‍റെ ആൾക്കാർ വളരെയധികം ദ്രോഹിച്ചു. ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭക്ഷണമോ താമസിക്കാൻ ഇടമോ ഇല്ലാതെ ദുരിതത്തിലായിരുന്നപ്പോഴാണ്, നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനോ, താമസ രേഖ സാധുവാക്കി തുടരാനോ അവസരം നൽകി സെപ്റ്റംബർ ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. അതോടെ മറ്റൊന്നും ആലോചിക്കാതെ ഷാനു പൊതുമാപ്പിന് അപേക്ഷിക്കുകയായിരുന്നു.

നാട്ടിലെത്തിയ ഷാനുവിനെ നേരെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. അവിടുത്തെ ചികിത്സയിലൂടെ ഈ യുവാവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നേരത്തെ, ഓരോ കാര്യങ്ങൾ ഓർത്ത് ഇദ്ദേഹം കരയുമായിരുന്നുവെന്ന് സഹോദരി പറയുന്നു.

∙വീട് എന്ന സ്വപ്നം ബാക്കിയായി; കുടുംബം കോണ്‍സുലേറ്റിന് പരാതി നൽകി
ഷാനു കണ്ണുവിന്‍റെ ജീവിതാവസ്ഥ വിശദമാക്കി കുടുംബം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകിയിട്ടുണ്ട്. നാട്ടിലെ വീസാ ഏജ‍ൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന യുഎഇയിലെ ഒരു റിക്രൂട്ടറെ കരിമ്പട്ടികയിൽ പെടുത്താനും കുടുംബം ആവശ്യപ്പെട്ടു. വ്യാജ ജോലി വാഗ്ദാനങ്ങളിൽ മറ്റാരും വീഴരുതെന്ന് ഉദ്ദേശിച്ചാണ് പരാതി നൽകിയത്. ദുരിത ജീവിത സാഹചര്യങ്ങളുടെ ഫോട്ടോകളും മാനസികവും ശാരീരികവുമായ പീ‍ഡനത്തിന്‍റെ വിഡിയോകളും അവർ അധികാരികളുമായി പങ്കിട്ടു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version