Posted By user Posted On

എമിറേറ്റ്സ് വിമാനത്തിലാണോ യാത്ര: എങ്കില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ ഇനിമുതല്‍ പണി കിട്ടും

ലെബനലിലെ ബെയ്റൂത്തില്‍ പേജറുകളും വാക്കി ടോക്കിയും പൊട്ടിത്തെറിച്ച് നിരവധി ഹിസ്ബുള്ള പ്രവർത്തകരാണ് അടുത്തിടെ മരണപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മേഖലയിലെ ആക്രമണം ശക്തമാകുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യു എ ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍സ് പുതിയ നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങളുടെ വിമാനങ്ങളില്‍ പേജറുകള്‍ക്കും വാക്കി-ടോക്കികള്‍ക്കും നിരോധനം ഏർപ്പെടുത്തിയെന്നാണ് എമിറേറ്റ്സ് എയർലൈന്‍സ് അറിയിച്ചിരിക്കുന്നത്. ചെക്ക്ഡ് ലഗേജിലും ക്യാബിൻ ലഗേജിലും ഈ രണ്ട് സാധനങ്ങളും എമിറേറ്റ്സിന്റെ ഒരു വിമാനങ്ങളിലും അനുവദിക്കില്ല. പേജറുകളും വാക്കി ടോക്കികളും സ്ഫോടന വസ്തുക്കളാക്കി മാറ്റാന്‍ ഇടയുണ്ടെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് എമിറേറ്റ്സിന്റെ നീക്കം. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ ബാഗേജുകളിൽ കാണുന്ന പേജറുകളോ വാക്കി-ടോക്കികളോ ദുബായ് പോലീസ് കണ്ടുകെട്ടുമെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരത്തിലുള്ള നടപടികൾ ഗൗരവമായി എടുക്കുന്നുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ മേഖലയിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഇറാഖിലേക്കും ഇറാനിലേക്കും ഉള്ള വിമാനങ്ങൾ നിർത്തിവച്ചത് ചൊവ്വാഴ്ച വരെ നീട്ടിയതായും എമിറേറ്റ്സ് അറിയിച്ചു. ജോർദാനിലേക്കുള്ള വിമാനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ലെബനനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഒക്ടോബർ പകുതി വരെ നീണ്ടേക്കും.

ബെയ്‌റൂത്തിലെ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ലെബനനിലെ ഇസ്രയേലിൻ്റെ തീവ്രമായ മിസൈല്‍ ആക്രമണം കാരണം പല വിമാനക്കമ്പനികളും രാജ്യത്തേക്കുള്ളതും പുറത്തേക്കുള്ളതുമായ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, ലബനനില്‍ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുകയാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ടായിരത്തോളം പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ള പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നൂറുകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരില്‍ 127 പേർ കുട്ടികളും 261 സ്ത്രീകളുമാണെന്നുമാണ് ലെബനന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഹിസ്ബുള്ളയില്‍ ഹ​സ​ൻ ന​സ്റു​ല്ല​യു​ടെ പി​ൻ​ഗാ​മി​യാ​യി ക​രു​തു​ന്ന ഹാ​ശിം സ​ഫി​യു​ദ്ദീനെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ തിരിച്ചടിയില്‍ ഇരുപതോളം ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. ആക്രമണം ശക്തമായതോടെ മേഖലയില്‍ പാലായനവും ശക്തമാണ്. രണ്ട് ലക്ഷത്തോളം പേർ സിറിയയിലേക്ക് പാലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ





Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version