Posted By user Posted On

സൽമാൻ ഖാന് 25 ലക്ഷത്തിന് ക്വട്ടേഷൻ; എകെ-47 അടക്കം ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്ന്; മുംബൈ പോലീസ് കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, പകയുടെ കഥ ഇങ്ങനെ

മുംബെെ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ നടന്ന വൻ ആസൂത്രണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്. മാസങ്ങൾക്ക് മുമ്പ് സൽമാന്റെ വീടിന് സമീപത്ത് നടന്ന വെടിവയ്പിന്റെ അന്വേഷണത്തിനിടെയാണ് വൻ ഗൂഡാലോചനയുടെ വിവരങ്ങൾ പൊലീസിന് കിട്ടിയത്. 18 വയസിന് താഴെയുള്ള ചെറുപ്പക്കാരടങ്ങിയ എഴുപതോളം പേരുടെ സംഘം സൽമാനെ ലക്ഷ്യമിട്ട് മുംബൈയിൽ മാസങ്ങളായി തമ്പടിച്ചിരിക്കുകയായിരുന്നു.
താരത്തെ വധിക്കുമെന്ന് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ള ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് ആണ് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയിരിക്കുന്നത്. ജയിലിൽ നിന്നാണ് ഈ ഇടപാടെല്ലാം നടത്തിയിട്ടുള്ളത്. ഷാർപ്പ് ഷൂട്ടർമാരായ അഞ്ചംഗ സംഘമാണ് കരാർ ഏറ്റെടുത്തിരുന്നത്. മഹാരാഷ്ട്രയിലെ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ തുടങ്ങിയിടങ്ങളിൽ ഒളിവിൽ താമസിച്ച സംഘം ലോറനസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുടെ ഭാഗത്തുനിന്ന് അവസാന നിർദേശത്തിനായി കാക്കുകയായിരുന്നു.
അതിനിടെയാണ് പാക്കിസ്ഥാനിൽ നിന്നോ തുർക്കിയിൽ നിന്നോ മുന്തിയ ഇനം ആയുധങ്ങൾ വരുത്താൻ തീരുമാനിച്ചത്. സൽമാന് വൻ സായുധസംഘത്തിന്റെ അകമ്പടി ഉള്ളത് കണക്കിലെടുത്താണ് എകെ 47 അടക്കം തോക്കുകൾ വാങ്ങാൻ തീരുമാനിച്ചത്. പാകിസ്ഥാനിലെ ആയുധവ്യാപാരിയായ ദോഗറിനെ സംഘം ബന്ധപ്പെട്ടതായും പൊലീസ് കണ്ടെത്തി. വീഡിയോ കോൾ വഴി ഇവർ തമ്മിൽ ചർച്ചയും നടത്തിയിരുന്നു. വിലയുടെ 50 ശതമാനം മുൻകൂർ നൽകി, ബാക്കി തോക്കുകൾ ഇന്ത്യയിലെത്തിയിട്ട് നൽകാം എന്നായിരുന്നു ധാരണ.
സൽമാന്റെ ബാന്ദ്രയിലെ വീട്ടിൽ വച്ചോ നഗരാതിർത്തിയായ പനവേലിലെ ഫാം ഹൗസിലോ, ഗോറി ഗാവിലെ ഫിലിം സിറ്റിയിൽ വച്ചോ വധിക്കാനുള്ള പദ്ധതിയാണ് സംഘം തയ്യാറാക്കിയിരിക്കുന്നത്. എഴുപതോളം പേരടങ്ങിയ സംഘം പലതായി തിരിഞ്ഞ് സൽമാൻ്റെ ഓരോ നീക്കവും നിരീക്ഷിച്ച് ഈ പ്രദേശങ്ങളിലെല്ലാം ഉണ്ടായിരുന്നു. 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിൽ വധിക്കാനുള്ള പ്ലാനാണ് തയ്യാറാക്കിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് സുഖ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വിവരങ്ങൾ പുറത്തായത്. ഷാർപ്പ് ഷൂട്ടറായ അജയ് കാശ്യപ് എന്ന ‘എകെ ‘യ്ക്കു പുറമെ നാല് പേരും ഈ ഗൂഢപദ്ധതിയിൽ പങ്കാളികളാണ്. സൽമാനെ വധിച്ച ശേഷം കന്യാകുമാരിയിൽ ഒത്തുകൂടി ബോട്ട് മാർഗം ശ്രീലങ്കയിലേക്ക് കടക്കാനും അവിടെ നിന്ന് ഇന്ത്യൻ ഏജൻസികൾക്ക് പിടികൂടാൻ കഴിയാത്ത ഏതെങ്കിലും രാജ്യത്തേക്ക് കടക്കാനുമായിരുന്നു പ്ലാൻ.
സൽമാൻ്റെ അടുത്ത സുഹൃത്തും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ദിഖി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതോടെ താരത്തിന്റെ സുരക്ഷ വീണ്ടും കൂട്ടിയിരിക്കുകയാണ്. ഇതിന് പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതിൻ്റെ പേരിലാണ് സൽമാൻ ബിഷ്ണോയ് സംഘത്തിന്റെ ശത്രുവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version