Posted By user Posted On

ഹെല്‍ത്ത് പാക്കേജിന്റെ മറവില്‍ പ്രവാസി മലയാളി യുവാവില്‍നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ; യുവ ബിസിനസുകാരനെ വഞ്ചിച്ചത് മലയാളി ദമ്പതികൾ

ദുബായില്‍ വിവിധ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അല്‍ ഖൈര്‍ ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന താനൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും ഹെല്‍ത്ത് സര്‍വീസ് പാക്കേജുകള്‍ക്കായി വാങ്ങിച്ച 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. താനൂര്‍ വൈദ്യരകത്ത് ജുനൈദാണ് പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശികളാല്‍ വഞ്ചിക്കപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. ജുനൈദിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആരോഗ്യ സേവന മേഖലയില്‍ വിജയകരമായി മുന്നേറവെയാണ് 2021ല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്/പാക്കേജ് മേഖലയിലേക്ക് കൂടി പ്രവേശിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ ബ്രോക്കറേജ് സര്‍വീസ് നടത്തിവരുന്ന പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശികളായ ദമ്പതികളുമായി പരിചയപ്പെടുന്നതും അവര്‍ നല്‍കിയ ഉറപ്പിന്റെയടിസ്ഥാനത്തില്‍ അവര്‍ മുഖേന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് / പാക്കേജ് സര്‍വീസ് ആരംഭിക്കുകയും ചെയ്യുന്നത്.

തുടക്കത്തില്‍ നല്ല നിലയില്‍ പദ്ധതി മുന്നോട്ടു പോയെങ്കിലും പിന്നീട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം വിവിധ ആശുപത്രികളില്‍ ലഭ്യമായിരുന്ന സേവനങ്ങള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്വേഷണത്തില്‍ ഇടനിലക്കാരനായി ബ്രോക്കറേജ് സര്‍വീസ് നടത്തിയിരുന്ന ദമ്പതികളുടെ വീഴ്ച കാരണമാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഇവര്‍ക്ക് അറിയാന്‍ സാധിച്ചത്.

ഇവര്‍ക്ക് നല്‍കിയ 40 ഉപഭോക്താക്കളുടെ ഗര്‍ഭകാല ചികിത്സ പദ്ധതിയുടെ തുക യഥാസമയം അവര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു രേഖകള്‍ തരാതെ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്തതെന്നാണ് ജുനൈദ് പറയുന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നും ഇല്ലാതാവുകയും അവര്‍ നാട്ടിലേക്ക് മുങ്ങുകയുമാണ് ഉണ്ടായത്. ഇവര്‍ക്ക് കൈമാറിയ തുക മനപ്പൂര്‍വ്വം ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്ക്കാതെ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും ജുനൈദും കുടുംബവും താനൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version