ഖത്തറിലെ സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്ത ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷവാർത്ത; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി അധികൃതര്
ദോഹ: അധ്യയന വർഷം ആരംഭിച്ചിട്ടും സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് സന്തോഷവാർത്തയുമായി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്കൂൾ ലൈസൻസിങ് വിഭാഗം. സീറ്റില്ലാത്തത് കാരണം പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർഥികൾക്കായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാൻ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിനും, ഐഡിയൽ ഇന്ത്യൻ സ്കൂളിനും അനുമതി ലഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം ആറു വരെയാവും ക്ലാസുകൾ.
സ്കൂൾ അഡ്മിഷൻ ലഭിക്കാത്ത പ്രവാസി വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ, ഇന്ത്യൻ കമ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും അഭ്യർഥനകൾ കണക്കിലെടുത്താണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനമെടുത്തത്. ഇന്ത്യൻ പ്രവാസി രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും ഏറെ ഗുണകരം കൂടിയാണ് ഈ പ്രഖ്യാപനം. കെ. ജി ക്ലാസ് മുതൽ അഡ്മിഷൻ ആരംഭിച്ചതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
ചുരുങ്ങിയത് ഒരു വർഷം കാലാവധിയുള്ള ഖത്തർ ഐഡിയുള്ള വിദ്യാർഥികൾക്കാണ് അഡ്മിഷൻ ലഭ്യമാവുക. നിലവിൽ മോണിങ് ഷിഫ്റ്റിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റു സ്കൂളുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ വിദ്യാർഥികൾക്ക് ഈവനിങ് ഷിഫ്റ്റിലേക്ക് മാറാൻ അനുവാദമില്ല.
മന്ത്രാലയത്തിൽനിന്നുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി അപേക്ഷകൾ ലഭിച്ച് തുടങ്ങിയതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം പറഞ്ഞു.
മന്ത്രാലയം തീരുമാനത്തെ രക്ഷിതാക്കളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. സീറ്റില്ലാത്തത് കാരണം സ്കൂൾ പ്രവേശനം ലഭിക്കാതെ പഠനം മുടങ്ങുകയും, പ്രവേശനത്തിനായ അടുത്ത അധ്യയന വർഷത്തിലേക്ക് കാത്തിരിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് തീരുമാനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)