Posted By user Posted On

വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 മരണം; 50ഓളം പേർക്ക് പരിക്ക്

വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിച്ചു. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്.

നൈജീരിയയിലെ ജിഗാവ സംസ്ഥാനത്തെ മജിയ ന​ഗരത്തിലെ എക്‌സ്പ്രസ് വേയിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിയുകയായിരുന്നു. ഇതിനു പിന്നാലെ ലോറിയിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം വർധിക്കാൻ കാരണമായി.

നിലവിൽ 94 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് വക്താവായ ലവൻ ഷിസു ആദം പറഞ്ഞു. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചെടുത്തതാണ് ടാങ്കർ മറിയാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരിൽ കൂടുതൽ പേരും മജിയ സ്വദേശികൾ തന്നെയാണ്. അപകട സ്ഥലത്തേക്ക് കൂട്ടമായെത്തിയ ഇവർ ലോറിയിൽ നിന്ന് ഇന്ധനം ശേഖരിക്കവേയാണ് അപകടമുണ്ടായത്.

‍‍അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് വലിയ രീതിയിൽ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ മാസം നൈജീരിയയിലെ വടക്കൻ മധ്യ നൈജർ സംസ്ഥാനത്ത് ഇന്ധന ടാങ്കർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 48 പേർ മരിച്ചിരുന്നു. നൈജീരിയയിലെ പ്രധാനപ്പെട്ട റോഡുകളിൽ ട്രക്ക് അപകടങ്ങൾ പതിവാണ്. അവയിൽ പലതും അശ്രദ്ധമായ ഡ്രൈവിങ്, റോഡിന്റെ മോശം അവസ്ഥ, വാ​ഹനങ്ങളുടെ കാലപഴക്കവും കേടുപാടുകളും തുടങ്ങിയ കാരണങ്ങളാലാണ്.

നൈജീരിയയിലെ ഫെഡറൽ റോഡ് സേഫ്റ്റി കോർപ്സിൻ്റെ കണക്കനുസരിച്ച് 2020ൽ മാത്രം 1,531 പെട്രോൾ ടാങ്കർ അപകടങ്ങളാണ് ഉണ്ടായത്‌. ഇതിൽ 535 പേർ മരിക്കുകയും 1,142 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version