ഖത്തറില് തൊഴിൽ മന്ത്രാലയ നടപടികൾ അതിവേഗത്തിലാക്കി ഡിജിറ്റലൈസേഷൻ
ദോഹ: തൊഴിൽ മന്ത്രാലയം നടപ്പാക്കിയ ഡിജിറ്റൽവത്കരണ നടപടികൾ കാര്യക്ഷമമാക്കുന്നതിലും ഇടപാടുകൾ വേഗത്തിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതായി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രധാന സ്ഥിതിവിവരക്കണക്കുകളും വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾക്കൊള്ളുന്ന ഈ വർഷത്തെ രണ്ടാം പാദത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം രണ്ടാം പാദത്തിൽ ലേബർ ലൈസൻസിങ് വകുപ്പിന് 99,458 അപേക്ഷകളാണ് ലഭിച്ചത്. പുതിയ റിക്രൂട്ട്മെന്റിനായി 15,969 അപേക്ഷകളും ജനറൽ വർക്ക് പെർമിറ്റിനായി 66,898 അപേക്ഷകളും പ്രത്യേക വർക്ക് പെർമിറ്റുകൾക്കായി (കുടുംബ സ്പോൺസർഷിപ്/ ജി.സി.സി പൗരന്മാർ/ നിക്ഷേപകർ മുതലായവ) 2804 അപേക്ഷകളും മന്ത്രാലയത്തിലെത്തി.
തൊഴിൽ പരാതികളുമായി ബന്ധപ്പെട്ട് തൊഴിൽ തർക്ക പരിഹാര വകുപ്പിന് മുന്നിൽ 6849 പരാതികളെത്തി. ഇതിൽ 2228 പരാതികൾക്ക് തീർപ്പുകൽപിച്ചു. തൊഴിൽ തർക്ക വകുപ്പിലേക്ക് 345 പൊതു പരാതികൾ ലഭിച്ചതായും അവയെല്ലാം പരിഹരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തൊഴിൽ കരാറുകളുമായി ബന്ധപ്പെട്ട്, ഈ വർഷം രണ്ടാം പാദത്തിൽ അറ്റസ്റ്റേഷനുവേണ്ടി രണ്ട് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. തൊഴിൽ മാറ്റത്തിനായി 13,787 അപേക്ഷകളും അധികൃതർക്ക് മുന്നിലെത്തി. റിക്രൂട്ട്മെന്റ് ഓഫിസുകളിൽ ഈ വർഷം രണ്ടാം പാദത്തിൽ 705 പരിശോധന നടത്തി.
ഇവയിൽ നാല് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയതായും 12 കമ്പനികൾ ഭാഗികമായോ പൂർണമായോ അടച്ചുപൂട്ടിയതായും വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഫലമായി രണ്ടാം പാദത്തിൽ പരിശോധന കാമ്പയിനുകൾ ഊർജിതമാക്കുകയും ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)