ഖത്തറിൽ പനിക്കെതിരെ പ്രതിരോധം; വാക്സിനേഷന് ഇന്ന് തുടക്കമായി
ദോഹ: കടുത്ത ചൂട് വിട്ട് കാലാവസ്ഥ മാറിത്തുടങ്ങുകയാണ്. തണുപ്പെത്തും മുമ്പേ അന്തരീക്ഷം അടിമുടി മാറുമ്പോൾ അതിന്റെ സൂചന ജനങ്ങളുടെ ആരോഗ്യത്തിലുമുണ്ടാവും. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവരുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം വാർഷിക സീസണൽ പനിക്കെതിരായ കുത്തിവെപ്പ് കാമ്പയിനുമായി രംഗത്ത്.
പകർച്ചപ്പനിക്കെതിരായ പ്രതിരോധകുത്തിവെപ്പ് ഒക്ടോബർ ഒന്ന് മുതൽ 31 പി.എച്ച്.സി.സികൾ ഉൾപ്പെടെ 80ഓളം ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാവുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കു പുറമെ ഹമദ് മെഡിക്കൽ കോർപറേഷൻ ഒ.പി ക്ലിനിക്കുകൾ, മൾട്ടിപ്പ്ൾ സെമി ഗവ., സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് സ്വന്തം ആരോഗ്യവും, കുടുംബത്തിന്റെ ആരോഗ്യവും പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത് സംരക്ഷിക്കാനുള്ള അവസരമാണ് വാക്സിനേഷനെന്ന് എച്ച്.എം.സി സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
പകർച്ചപ്പനിക്കു കാരണമാകുന്ന വൈറസ് വർഷാവർഷവും വകഭേദം സംഭവിക്കുന്നതാണ്. അതിനാൽ, ശൈത്യകാലമെത്തുമ്പോൾ വാക്സിൻ സ്വീകരിക്കേണ്ടത് കുടുംബത്തിന്റെയും വ്യക്തികളുടെയും ആരോഗ്യ സംരക്ഷണത്തിൽ നിർണായകമാണ്. പനിയെ നിസ്സാരമായി അവഗണിക്കരുതെന്നും, ചിലഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ട സാഹചര്യംവരെയും എത്തിയേക്കാം. അതിനാൽ, എല്ലാവരും സൗജന്യ പനി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണം -ഡോ. അൽ ഖാൽ വ്യക്തമാക്കി.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5
Comments (0)