Posted By user Posted On

ടൂത്ത് പേസ്റ്റുകള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ? ടൂത്ത് പേസ്റ്റ് ട്യൂബിലെ നിറവും ചേരുവകളും സത്യമെന്ത്

ടൂത്ത് പേസ്റ്റ് ട്യൂബിന്റെ അടിവശത്ത് കാണുന്ന ചതുരത്തിലുളള പച്ച, ചുവപ്പ്, നീല, കറുപ്പ് നിറങ്ങള്‍ നോക്കി അതില്‍ എന്തെല്ലാം തരത്തിലുളള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതായത് നിങ്ങളുടെ ടൂത്ത്‌പേസ്റ്റ് ട്യൂബില്‍ പച്ച നിറത്തിലുളള അടയാളമാണ് ഉളളതെങ്കില്‍ അത് പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് മാത്രം നിര്‍മ്മിച്ചതാണെന്നും, നീല നിറമാണെങ്കില്‍ അതില്‍ പ്രകൃതിദത്ത ചേരുവകളുടെയും ചില മരുന്നുകളുടെയും മിശ്രിതം അടങ്ങിയിരിക്കുന്നു എന്നും ചുവന്ന അടയാളമാണെങ്കില്‍ പ്രകൃതിദത്ത ചേരുവകളോടൊപ്പം രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു എന്നും ഇനി കറുത്ത ചതുര അടയാളമാണ് ഉള്ളതെങ്കില്‍ അതില്‍ രാസ ഘടകങ്ങള്‍ മാത്രമേ അടങ്ങിയിട്ടുണ്ടാവൂ എന്നുമാണ് പലപ്പോഴും നമ്മൾ കേട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് ഒരുകൂട്ടം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ടൂത്ത്‌പേസ്റ്റ് ട്യൂബില്‍ രേഖപ്പെടുത്തിയിട്ടുളള ഐ മാര്‍ക്ക് അല്ലെങ്കില്‍ കളര്‍ മാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന നിറമുള്ള ഈ ചതുരബാറുകള്‍ ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ പായ്‌ക്കേജ്, കട്ടിംഗ് ആവശ്യങ്ങള്‍ക്കായിട്ടുള്ള അടയാളമായി നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്നവയാണെന്നാണ് വാദം. പകരം പേസ്റ്റിലെ കവറിലുളള ചേരുവകള്‍ നോക്കി ആ പേസ്റ്റില്‍ എന്ത് തരത്തിലുള്ള ചേരുവകളാണ് അടങ്ങിയിരിക്കുന്നത്, പല്ലിന്റെ ഏതൊക്കെ കാര്യങ്ങള്‍ക്കാണ് അവ ഉപയോഗിക്കുന്നത് എന്നെല്ലാം അറിയാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടൂത്ത്‌പേസ്റ്റിലെ പ്രധാന ചേരുവകള്‍
ടൂത്ത് പേസ്റ്റ് ഉണങ്ങുന്നത് തടയാനുളള ഹ്യുമിക്ടന്റ്‌സ് (ഗ്ലിസറിന്‍, സോര്‍ബിറ്റോള്‍ എന്നിവയാണ് ഹ്യുമിക്ടന്റ്‌സുകളായി ഉപയോഗിക്കുന്നത്), പല്ലിലെ പ്ലാക്ക് നീക്കം ചെയ്യുന്നതിനും കറകള്‍ കളയാനുമുള്ള അബ്രസീവുകള്‍ (ഗ്ലിസറിന്‍, സോര്‍ബിറ്റോള്‍ മുതലായവ), ടൂത്ത് പേസ്റ്റിന്റെ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താനുള്ള ബിന്‍ഡേഴ്‌സ് (സ്‌കാന്തന്‍ ഗം, കാരജീനന്‍) പോലുളളവ, പല്ലിന് കേടുവരുത്താത്ത, ടൂത്ത് പേസ്റ്റിന് രുചി നല്‍കാനുള്ള സ്വീറ്റിനേഴ്‌സ് (സാക്രിന്‍, സെലിറ്റോള്‍)പോലുള്ളവ, പേസ്റ്റിന് എന്തെങ്കിലും ഒരു ഫ്ളേവർ നല്‍കുന്ന ഫ്‌ളേവറിങ് ഏജന്റുകള്‍, പല്ല് വൃത്തിയാക്കാന്‍ സഹായിക്കുന്ന സോഡിയം ലോറല്‍ സള്‍ഫേറ്റ് പോലുളള ഡിറ്റര്‍ജന്റുകള്‍. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും, പോടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന സോഡിയം ഫ്‌ളൂറൈഡുകള്‍. പ്ലാക്കുകള്‍ നീക്കാനും മോണരോഗം തടയാനും ഉപയോഗിക്കുന്ന ട്രൈക്ലോസന്‍, സിങ്ക് സിട്രേറ്റ് പോലുള്ള ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ എന്നിവയാണ് ടൂത്ത് പേസ്റ്റിലെ പ്രധാന ചേരുവകൾ.

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും പല്ല് വൃത്തിയാക്കാനും പല്ല് നശിക്കുന്നത് തടയാനും വായുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നവയാണ്. ടൂത്ത് പേസ്റ്റിന്റെ ബ്രാന്‍ഡും പേസ്റ്റിന്റെ ഉദ്ദേശ്യവും അനുസരിച്ച് ഇതിലടങ്ങിയിരിക്കുന്ന ഫോര്‍മുലകള്‍ വ്യത്യാസപ്പെട്ടിരിക്കും.

പേസ്റ്റിലെ ചേരുവകള്‍ കണ്ടെത്തുന്നത് എങ്ങനെ
നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ എന്തെല്ലാം ചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുന്നതിന് പായ്ക്കില്‍ അച്ചടിച്ചിരിക്കുന്ന ചേരുവകളുടെ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പായ്ക്കറ്റിന്റെ വശങ്ങളിലോ മുന്‍വശത്തോ ‘കീ ഫീച്ചേഴ്‌സ്’ ഹൈലൈറ്റ് ചെയ്ത് എഴുതിയിരിക്കും. ഈ ലേബലുകള്‍ നിങ്ങള്‍ക്ക് അതിലെ ചേരുവകളെക്കുറിച്ചും ടൂത്ത് പേസ്റ്റിന്റെ ഗുണങ്ങളെക്കുറിച്ചും ഉളള സൂചനകള്‍ നല്‍കുന്നു.

പലതരം ടൂത്ത്‌പേസ്റ്റുകളും അവയുടെ ഉപയോഗവും
ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ്: ഇത് ഏറ്റവും സാധാരണയായിട്ടുള്ള ടൂത്ത് പേസ്റ്റാണ്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താനും ദന്തക്ഷയം തടയാനും സഹായിക്കുന്നവയാണ് ഫ്‌ളൂറൈഡുകള്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കും.

വൈറ്റനിങ് ടൂത്ത് പേസ്റ്റ്: വൈറ്റനിങ് ടൂത്ത് പേസ്റ്റില്‍ സാധാരണയായി മൃദുവായ സ്‌ക്രബറുകളോ രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ഉപരിതലത്തിലുള്ള കറ നീക്കംചെയ്യാനും പല്ലുകള്‍ വെളുത്തനിറത്തില്‍ ഇരിക്കാനും സഹായിക്കും. പതിവായുളള ഉപയോഗത്തിലൂടെ കാലക്രമേണ പല്ലുകളുടെ സ്വാഭാവിക വെളുപ്പ് വര്‍ദ്ധിപ്പിക്കാന്‍ വൈറ്റനിങ് ടൂത്ത് പേസ്റ്റിന് കഴിയും.

ആന്റി ബാക്ടീരിയല്‍ ടൂത്ത് പേസ്റ്റ്: ഇവയില്‍ ട്രൈക്ലോസന്‍ അല്ലെങ്കില്‍ സ്റ്റാനസ് ഫ്‌ളൂറൈഡ് പോലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായില്‍ ബാക്ടീരിയയുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മോണരോഗം തടയുന്നതിനും പ്ലാക്ക് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ഡെസെന്‍സിറ്റൈസിംഗ് ടൂത്ത് പേസ്റ്റ്: സെന്‍സിറ്റീവ് പല്ലുകളുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഇത്തരം ടൂത്ത് പേസ്റ്റില്‍ പൊട്ടാസ്യം നൈട്രേറ്റ് അല്ലെങ്കില്‍ സ്‌ട്രോണ്‍ഷ്യം ക്ലോറൈഡ് പോലുള്ളവ അടങ്ങിയിട്ടുണ്ട്. ഇത് ചൂടുള്ളതോ തണുത്തതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങളോടും പാനീയങ്ങളോ കഴിക്കുമ്പോള്‍ പല്ലിനുണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു.

ടാര്‍ടാര്‍ കണ്‍ട്രോള്‍ ടൂത്ത് പേസ്റ്റ്: കാലക്രമേണ പല്ലുകളില്‍ പ്ലാകുകള്‍ വര്‍ധിച്ചുവരുമ്പോള്‍ ടാര്‍ടാര്‍ (അല്ലെങ്കില്‍ ഡെന്റല്‍ കാല്‍ക്കുലസ്) രൂപം കൊള്ളുന്നു. ടാര്‍ടാര്‍ കണ്‍ട്രോള്‍ ടൂത്ത് പേസ്റ്റില്‍ സിങ്ക് സിട്രേറ്റ് അല്ലെങ്കില്‍ പൈറോഫോസ്‌ഫേറ്റുകള്‍ പോലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലില്‍ ടാര്‍ടാര്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു.

നാച്ചുറല്‍ ടൂത്ത് പേസ്റ്റ്: ഈ പ്രകൃതിദത്ത ടൂത്ത് പേസ്റ്റ് പ്രകൃതിദത്തമായ സ്രോതസ്സുകളില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. കൂടാതെ ഇവയില്‍ കൃത്രിമ രുചികളോ നിറങ്ങളോ പ്രിസര്‍വേറ്റീവുകളോ ഇല്ല.

കുട്ടികളുടെ ടൂത്ത് പേസ്റ്റ്: കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ടൂത്ത് പേസ്റ്റിന് പലപ്പോഴും മൈല്‍ഡായ രുചികളും കുറഞ്ഞ ഫ്‌ളൂറൈഡിന്റെ അംശവും ഉണ്ട്.

മോണ സംരക്ഷണത്തിനുള്ള ടൂത്ത് പേസ്റ്റ്: മോണയുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ഈ പേസ്റ്റ്. മോണവീക്കവും രക്തസ്രാവവും കുറയ്ക്കാനും സഹായിക്കുന്നവയാണ് ഇവ. സ്റ്റാനസ് ഫ്‌ളൂറൈഡ് അല്ലെങ്കില്‍ ഹെര്‍ബല്‍ എക്‌സ്ട്രാക്റ്റുകള്‍ പോലുള്ള ഘടകങ്ങളാണ് മോണസംരക്ഷത്തിനുള്ള ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിരിക്കുന്നത്.

പുകവലിക്കുന്നവര്‍ക്കുള്ള ടൂത്ത് പേസ്റ്റ്: പുകവലിക്കുന്നവര്‍ക്കായി പ്രത്യേകം തയാറാക്കിയ ടൂത്ത്പേസ്റ്റാണിത്. സാധാരണ ടൂത്ത് പേസ്റ്റിനെക്കാള്‍ കൂടുതല്‍ ഫലപ്രദമായി കറ നീക്കാന്‍ സഹായിക്കുന്ന ചേരുവകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

സെന്‍സിറ്റീവ് ടൂത്ത് പേസ്റ്റ്: പല്ലിനുള്ളിലെ ഞരമ്പുകളിലേക്കുള്ള ട്യൂബുലുകളെ തടഞ്ഞ് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് സെന്‍സിറ്റീവ് ടൂത്ത് പേസ്റ്റ്.

ഹെര്‍ബല്‍ ടൂത്ത് പേസ്റ്റ്: ഹെര്‍ബല്‍ ടൂത്ത് പേസ്റ്റില്‍ പുതിന, ആര്യവേപ്പ് പോലുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.

പല്ലിന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള 10 ടിപ്‌സുകള്‍

രണ്ടുതവണ ബ്രഷ് ചെയ്യാം: ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ടുതവണ പല്ല് വൃത്തിയാക്കാം. നിങ്ങളുടെ പല്ലുകളുടെയും മോണകളുടെയും എല്ലായിടങ്ങളിലും എത്തുന്ന മൃദുവായ രോമങ്ങളുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുക.

ദിവസേന ഫ്‌ലോസ് ചെയ്യാം: നിങ്ങളുടെ ടൂത്ത് ബ്രഷ് ഫലപ്രദമായി എത്തിപ്പെടാത്ത പല്ലുകള്‍ക്കിടയിലും മോണയിലുടനീളമുള്ള പ്ലാക്കുകളും ഭക്ഷണത്തിന്റെ ഭാഗങ്ങളും നീക്കം ചെയ്യാന്‍ ഫ്‌ലോസിംഗ് സഹായിക്കുന്നു.(പല്ലുകള്‍ക്കിടയിലെ അഴുക്കെടുക്കാന്‍ സഹായിക്കുന്ന നൂല്‍ ആണ് ഫ്‌ളോസ്). ദിവസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശീലമാക്കാം.

മൗത്ത് വാഷിന്റെ ഉപയോഗം: പ്ലാക്ക് കുറയ്ക്കാനും മോണരോഗം തടയാനും സഹായിക്കുന്നതിന് ആന്റിമൈക്രോബയല്‍ മൗത്ത് വാഷ് ഉപയോഗിക്കാം. പോടുകളുണ്ടാകാതെയുള്ള കൂടുതല്‍ സംരക്ഷണത്തിനായി ഫ്‌ളൂറൈഡ് അടങ്ങിയ ഒരു മൗത്ത് വാഷ് തിരഞ്ഞെടുക്കാം.

സമീകൃതാഹാരം ശീലിക്കുക: ബാലന്‍സ് ഡയറ്റ് അതായത് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ദന്തക്ഷയത്തിന് കാരണമാകുന്നതുകൊണ്ട് മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

ഇടയ്ക്കിടെ ദന്തിസ്റ്റിനെ കാണാം: ഓരോ ആറുമാസത്തിലും ദന്തഡോക്ടറെ കാണാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഡെന്റല്‍ ചെക്കപ്പുകള്‍ നടത്തുകയും പല്ല് ക്ലീന്‍ ചെയ്യുകയും ചെയ്യാം.

ടൂത്ത് ബ്രഷ് ഇടയ്ക്കിടെ മാറ്റുക: മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റാന്‍ ശ്രമിക്കുക.

പല്ലുകള്‍ സംരക്ഷിക്കാം: പല്ലുകളെ പരിക്കില്‍ നിന്ന് സംരക്ഷിക്കാന്‍ മൗത്ത് ഗാര്‍ഡ് ധരിക്കാവുന്നതാണ്. കുപ്പികളോ മറ്റോ തുറക്കാന്‍ പല്ലുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് പല്ല് ഒടിയുന്നതിനോ വിള്ളലുണ്ടാവാനോ കാരണമായേക്കാം.

ശരിയായ ടെക്‌നിക്കുകള്‍ ചെയ്യാം: നിങ്ങളുടെ മോണയ്ക്കോ ഇനാമലിനോ കേടുപാടുകള്‍ വരുത്താതെ വൃത്തിയോടെയിരിക്കാന്‍ ശരിയായി ബ്രഷ് ചെയ്യുകയും, ഫ്‌ലോസിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുക.

വായിലെ ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക: സ്ഥിരമായ വായ്‌നാറ്റം, പല്ലിന്റെ സംവേദനക്ഷമത, മോണയിലെ രക്തസ്രാവം തുടങ്ങിയവ പോലുള്ള എന്തെങ്കിലും അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ദന്തരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version