നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലില്‍ റീഫണ്ടുണ്ട്; യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രൂപം ഇങ്ങനെ
ഒരു തട്ടിപ്പ് ആളുകള്‍ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും മറ്റൊന്നുമായി വരികയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍. നേരത്തേ പാര്‍സല്‍ വിട്ടുകിട്ടാനുള്ള ഫീസ്, എമിറൈറ്റ്‌സ് ഐഡിയുടെ ബ്ലോക്ക് നീക്കാന്‍ ഫൈന്‍ തുടങ്ങി പല രീതിയിലുള്ള തട്ടിപ്പുകളുമായി ഓണ്‍ലൈന്‍ കള്ളന്‍മാര്‍ എത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള സമയോചിതമായ ഇടപെടലുകളും കൃത്യമായ ബോധവല്‍ക്കരണവും കാരണം അത് കൂടുതല്‍ കാലം ഓടിയില്ല.ഇ-മെയിലിന്റെ രൂപത്തിലാണ് പുതിയ ഫിഷിംഗ് സന്ദേശം എത്തുന്നത്. നിങ്ങള്‍ കഴിഞ്ഞ മാസം അടച്ച ഇലക്ട്രിസിറ്റി, വാട്ടര്‍, ഫോണ്‍ ബില്ലുകളില്‍ കൂടുതല്‍ തുക തെറ്റായി ഈടാക്കിയിട്ടുണ്ടെന്നും അത് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഇമെയില്‍ സന്ദേശം എന്നുമുള്ള രീതിയിലാണ് പുതിയ തട്ടിപ്പ്. നിങ്ങളുടെ സാധാരണ പ്രതിമാസ ബില്ലിന്റെ അതേ ഫോര്‍മാറ്റില്‍ ഔദ്യോഗിക ലോഗോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കണ്ടാല്‍ ഇത് ഒറിജനലാണെന്നേ കരുതൂ. ബില്ലില്‍ ഉപയോഗിച്ച നിറങ്ങളും ഫോണ്ടുകളുമൊക്കെ സ്ഥിരം കാണുന്ന നിങ്ങള്‍ സംശയിക്കാതെ അതില്‍ ക്ലിക്ക് ചെയ്യുക സ്വാഭാവികം.എന്നാല്‍ ഇമെയില്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. അതില്‍ ഏറ്റവും പ്രധാനം നിങ്ങളുടെ സേവനദാതാക്കള്‍ക്ക് റീഫണ്ട് തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ അയച്ച ശേഷം അക്കാര്യം നിങ്ങളെ അറിയിക്കാവുന്നതേയുള്ളൂ എന്നതാണ്. അതിനുപകരം, റീഫണ്ട് ലഭിക്കുന്നതിന് ‘ഓണ്‍ലൈനില്‍ സ്വീകരിക്കുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ഇമെയില്‍ ആവശ്യപ്പെടുന്നു എന്നതു തന്നെ തട്ടിപ്പാണെന്നതിന് തെളിവാണ്. നിങ്ങള്‍ക്ക് സന്ദേശം അയച്ച ഇമെയില്‍ അഡ്രസ് ശ്രദ്ധിച്ചാലും തട്ടിപ്പ് ബോധ്യപ്പെടും. ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് രജിസ്റ്റര്‍ ചെയ്തതായിരിക്കും അതിന്റെ ഡൊമൈന്‍ നാമം. ഇവരുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ക്രെഡിറ്റ് കാര്‍ഡ്, ലോഗിന്‍ വിവരങ്ങള്‍ എന്നിവ പോലുള്ള രഹസ്യ ഡാറ്റ മോഷ്ടിക്കുകയോ നിങ്ങളുടെ കംപ്യൂട്ടറിലോ മൊബൈലിലോ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആണ് സംഭവിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)