Posted By user Posted On

ഖത്തറിലെ ട്രാഫിക് പിഴ ഇനിയും അടച്ചില്ലേ, അവസാന ദിവസം അടുത്തു

2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗതാഗത ലംഘനത്തിന് പിഴ അടക്കാനുള്ള വ്യക്തികള്‍ക്ക് എല്ലാ പിഴയും കുടിശ്ശികയും അടയ്ക്കുന്നതുവരെ ഖത്തറിന് പുറത്തേക്ക് ഒരു അതിര്‍ത്തിയിലൂടെയും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍ എന്നീ സംസ്ഥാന അതിര്‍ത്തികളിലൂടെ രാജ്യം വിടാന്‍ കഴിയില്ല.
അതേസമയം, ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഖത്തര്‍ പ്രഖ്യാപിച്ച പിഴ ഇളവ് ഈ മാസം 31ഓടെ അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 50 ശതമാനം ഇളവോടെ ട്രാഫിക് പിഴ അടക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ച് ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച ഇളവ് മൂന്നു മാസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. ഗതാഗത നിയമലംഘന കേസുകളിലെ പിഴ ഇളവ് ഉപയോഗിക്കാന്‍ അവസാന അവസരമാണിതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. നിലവിലെ അവസരം ഉപയോഗപ്പെടുത്തി ആകെ പിഴയുടെ പകുതി തുക മാത്രം അടച്ച്, നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. ഈ മാസം 31 കഴിഞ്ഞാല്‍ പിഴത്തുക മുഴുവനായും അടയ്‌ക്കേണ്ടിവരുമെന്ന് മാത്രമല്ല, അതിനു ശേഷം പിഴ അടക്കാതെ രാജ്യത്തു നിന്ന് പുറത്തു പോവാനുമാവില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version