ഇൻഡിഗോക്ക് വേണ്ടി കണ്ണൂരിലേക്ക് പറന്ന് ഖത്തർ എയർവേസ്
ദോഹ: ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ സെക്ടറിൽ സർവിസ് നടത്തി ഖത്തർ എയർവേസ്. ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ വാടകക്കെടുത്ത ഖത്തർ എയർവേസ് വിമാനമാണ് ഖത്തറിൽനിന്നുള്ള പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടിൽ സർവിസ് ആരംഭിച്ചത്.
ആദ്യ സർവിസ് വ്യാഴാഴ്ച നടന്നു. ആഗസ്റ്റ് 29ന് രണ്ടാം സർവിസ് നടത്തും. തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കണ്ണൂർ-ദോഹ റൂട്ടിലെ ഇൻഡിഗോയുടെ പ്രതിദിന സർവിസിൽ ഖത്തർ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം പറക്കും. 201 സീറ്റിങ് കപ്പാസിറ്റിയുള്ളതാണ് ഈ വിമാനം.
വ്യാഴാഴ്ച രാവിലെ എട്ടിന് ദോഹയിൽനിന്നും പറന്നുയർന്ന വിമാനം ഉച്ചക്ക് 2.55ഓടെയാണ് കണ്ണൂരിൽ ഇറങ്ങിയത്. വിദേശ കമ്പനിയുടെ വിമാനത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) അധികൃതർ ജലാഭിവാദ്യത്തോടെ ഔദ്യോഗികമായി തന്നെ സ്വീകരിച്ചു. ഇതേ വിമാനം വൈകുന്നേരം 4.25ന് പുറപ്പെട്ട് ആറ് മണിയോടെ ദോഹയിലുമെത്തി. ഇൻഡിഗോയുടെ നമ്പറിൽ തന്നെയാണ് വിമാനത്തിന്റെ സർവിസ്.
പോയന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് നിലവിൽ കണ്ണൂരിലേക്ക് സർവിസ് നടത്താൻ അനുവാദമില്ലെന്നിരിക്കെയാണ് ഇൻഡിഗോക്ക് വേണ്ടി ഖത്തർ എയർവേസ് പറന്നിറങ്ങുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)