Posted By user Posted On

ഖത്തറില്‍ രൂപയുടെ തകർച്ച, പ്രവാസികൾക്ക് നേട്ടമാക്കാം; നാട്ടിലേക്ക് പണമയയ്ക്കാന്‍ പറ്റിയ സമയം

ദോഹ: ഡോളറിനെതിരെ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമായി. നാട്ടിലേക്ക് പണമയയ്ക്കാന്‍ നല്ല സമയമാണിത്. വിനിമയ നിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തര്‍ റിയാല്‍ രൂപക്കെതിരെ 22.92 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണിത്. ഒരു റിയാലിന് 22.90 മുതല്‍ 22.94 വരെയാണ് ചൊവ്വാഴ്ച വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ ഒരു റിയാലിന് നല്‍കിയ നിരക്ക്. മാസത്തിന്‍റെ തുടക്കമായതിനാല്‍ നാട്ടിലേക്ക് പണമയയ്ക്കുന്നവര്‍ക്ക് ഇത് മികച്ച സമയമാണ്. ഓണ്‍ലൈന്‍ ആപ്പ് വഴിയുള്ള പണമിടപാടിനാണ് ഈ നിരക്ക്. എന്നാല്‍ എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണം അയയ്ക്കുമ്പോള്‍ നിരക്കില്‍ മാറ്റമുണ്ടാകാം. യുഎഇ ദിര്‍ഹം രൂപയ്ക്കെതിരെ 22.86 എന്ന ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്. 

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു. ഓഹരി വിപണിയിലെ കനത്ത തകര്‍ച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്.

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ.  ഇതിന് പുറമേ ഉല്‍പാദന വളര്‍ച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയര്‍ത്താന്‍ കാരണമായി. ഇതോടെ ഡോളര്‍ സൂചിക താഴ്ന്നു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version