ജോറായി സൂഖിലെ ഈത്തപ്പഴ മേള; റെക്കോഡ് വിൽപനയും സന്ദർശകരും
ദോഹ: ശനിയാഴ്ച സമാപിച്ച സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിൽ ഇത്തവണ റെക്കോഡ് വിൽപന. 12 ദിവസങ്ങളിലായി നടന്ന മേളയിൽ 240 ടണ്ണിൽ അധികം ഈത്തപ്പഴങ്ങൾ വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് വിൽപനയിലുണ്ടായത്. വിനോദസഞ്ചാരികളുൾപ്പെടെ 50,000 പരം ആളുകൾ മേള സന്ദർശിച്ചതായും സംഘാടകർ അറിയിച്ചു. ജൂലൈ 23ന് തുടങ്ങി ആഗസ്റ്റ് മൂന്നുവരെ നീണ്ടുനിന്ന ഒമ്പതാമത് വിൽപന മേള സൂഖ് വാഖിഫുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക വകുപ്പാണ് സംഘടിപ്പിച്ചത്.
ഉത്സവകാലത്ത് വിറ്റഴിച്ച മൊത്തം ഈത്തപ്പഴം 240,172 കിലോഗ്രാമാണ്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ജനപ്രിയമായ ഖലാസ് ഇനത്തിൽപ്പെട്ട ഈത്തപ്പഴമാണ്. 105,333 കിലോഗ്രാമാണ് വിൽപന. ഖുനൈസി 45,637 കിലോഗ്രാം. ഷിഷി, ബർഹി ഈത്തപ്പഴങ്ങൾ യഥാക്രമം 42,752 കിലോഗ്രാമും 27,260 കിലോഗ്രാമും വിറ്റഴിഞ്ഞു . മറ്റു ഇനങ്ങളുടെ വിൽപന 19,190 കിലോഗ്രാമാണ്.
പ്രാദേശിക ഈത്തപ്പഴ കർഷകരെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷങ്ങളിലും സൂഖ് വാഖിഫിൽ മേഖലയിലെതന്നെ ഏറ്റവും വലിയ വിപണന-പ്രദർശന മേള സംഘടിപ്പിക്കുന്നത്. മന്ത്രാലയം നേതൃത്വത്തിൽ നടത്തുന്ന മേള അയൽ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെയും ആകർഷിക്കുന്നതാണ്. ഈ വർഷം 110 തദ്ദേശീയ ഫാമുകളിൽനിന്നുള്ള കർഷകരാണ് പങ്കെടുത്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)