Posted By user Posted On

വിസ നിയമങ്ങൾ എളുപ്പം; 2024ൽ ഖത്തറിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ദോഹ: 2024ൽ ഖത്തറിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. വിസ നിയമങ്ങൾ എളുപ്പമാക്കിയതും സഞ്ചാരികൾക്കായി നിരവധി ആകർഷണങ്ങൾ രാജ്യത്തുള്ളതുമാണ് റെക്കോർഡ് നേട്ടത്തിലേക്കെത്താൻ സഹായിച്ചത്. ജൂലൈയിൽ എത്തിയ 317000 സന്ദർശകർ ഉൾപ്പെടെ ഈ വർഷത്തിലെ ആദ്യത്തെ ഏഴു മാസം 2.956 ദശലക്ഷം ടൂറിസ്റ്റുകളാണ് ഖത്തറിലേക്ക് വന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ സമയത്തെ കണക്കുകൾ നോക്കുമ്പോൾ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 26.2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തറിലേക്ക് ഏറ്റവുമധികം സന്ദർശകരെത്തിയത് 2023ലാണ്. 2022ലെ 2.56 മില്യനെ മറികടന്ന് 2023ൽ ടൂറിസ്റ്റുകളുടെ എണ്ണം നാല് ദശലക്ഷത്തിലെത്തി. നിലവിലെ സാഹചര്യം തുടർന്നാൽ ഈ വർഷം സർവകാല റെക്കോർഡ് സ്ഥാപിക്കുമെന്നതിൽ സംശയമില്ല.

സൗദി അറേബ്യയിൽ നിന്നാണ് ഖത്തറിലേക്ക് കൂടുതൽ സന്ദർശകരെത്തിയത്. 860000 ടൂറിസ്റ്റുകൾ സൗദിയിൽ നിന്നും വന്നപ്പോൾ 238000 ടൂറിസ്റ്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. 135000 സന്ദർശകരുമായി ബഹ്‌റൈൻ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ കുവൈറ്റ്, ഒമാൻ, യുഎസ്, യുകെ, യുഎഇ, ജർമ്മനി, ചൈന എന്നീ രാജ്യങ്ങൾ അവക്കു പിന്നിൽ നിൽക്കുന്നു.

ഖത്തർ ഇപ്പോൾ 102 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വിസയില്ലാതെ പ്രവേശനം വാഗ്ദാനം ചെയ്യുന്നു, മറ്റുള്ളവർക്ക് ഹയ്യ വഴി ഇ-വിസ ലഭിക്കും. ഖത്തറിൻ്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ ശ്രമിക്കുന്നതിനാൽ വിനോദസഞ്ചാരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. രാജ്യത്തിൻ്റെ ടൂറിസം പദ്ധതികൾ ഖത്തർ നാഷണൽ വിഷൻ 2030, തേർഡ് നാഷണൽ ഡെവലപ്പ്മെന്റ് സ്ട്രാറ്റജി 2024-2030 എന്നിവയുമായി സംയോജിച്ചു നിൽക്കുന്നതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version