ഖത്തറിലെ സൂഖിലെ മധുരമേളക്ക് ഇന്ന് കൊടിയിറക്കം
ദോഹ: ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ മധുരം പകർന്ന സൂഖ് വാഖിഫിലെ 12 നാളുകൾക്ക് ഇന്ന് കൊടിയിറക്കം. ജൂലൈ 23ന് തുടങ്ങിയ സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ മേള ഇന്നോടെ അവസാനിക്കും. ദിവസവും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതും പത്തും മണിവരെ നീണ്ടുനിൽക്കുന്ന മേളയിൽ ദിനേന ആയിരങ്ങളാണ് സന്ദർശകരായി എത്തിയത്. ഓരോ ദിവസവും ശരാശരി 21 ടൺ വരെ ഈത്തപ്പഴങ്ങളും വിറ്റഴിഞ്ഞതോടെ ഇത്തവണ മേള പുതിയ റെക്കോഡുകളും കുറിച്ചു.
ആദ്യ ദിനത്തിൽതന്നെ വമ്പൻ വിൽപനയോടെയാണ് മേളക്ക് തുടക്കമായത്. പ്രവൃത്തിദിനമായ ഉദ്ഘാടന ദിവസം വിവിധ ഇനം ഈത്തപ്പഴങ്ങളായി 16.9 ടൺ ആണ് വിറ്റഴിഞ്ഞത്. രണ്ടാം ദിനം 18.8 ടൺ ഈത്തപ്പഴ വിൽപനയും നടന്നു. ആദ്യ അഞ്ചു ദിനത്തിൽതന്നെ വിൽപന 100 ടൺ കടന്നു.
ഇതുവരെയായി 200 ടണ്ണിൽ അധികം വിൽപന നടന്നുവെന്നാണ് കണക്കാക്കുന്നത്. ഇത്തവണ ഖത്തറിലെ 110 ഫാമുകളാണ് പങ്കെടുത്തത്. തദ്ദേശീയമായി വിളവെടുത്ത ഏറ്റവും പുതിയതും മുന്തിയതുമായ വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ തേടി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും വാരാന്ത്യങ്ങളിൽ സന്ദർശകരെത്തിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)