ഇനി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള് വേണ്ട; ഖത്തറിലെ ഫൗറനിൽ ഇനി ‘റിക്വസ്റ്റ് ടു പേ’ സൗകര്യവും
ദോഹ: പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനകീയ മൊബൈൽ ബാങ്കിങ് സേവനമായി മാറിയ ഫൗറനിൽ പുതിയ സേവനമാരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളില്ലാതെ ചുരുങ്ങിയ നടപടികളിലൂടെ തന്നെ പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ‘ഫൗറൻ’ ആപ്പിൽ പുതിയ സേവനമായി ‘റിക്വസ്റ്റ് ടു പേ’ സൗകര്യവും അധികൃതർ ഒരുക്കി.
ഇൻസ്റ്റൻറ് പേമെൻറ് സംവിധാനമായ ഫൗറൻ ആപ് സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയത്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. നിശ്ചിത പണം അയക്കാൻ ആവശ്യപ്പെട്ടുള്ള അഭ്യർഥന അയക്കാൻ സൗകര്യമൊരുക്കുന്നതാണ് ‘റിക്വസ്റ്റ് ടു പേ’. അയക്കേണ്ട പണം, അക്കൗണ്ട് വിവരങ്ങൾ, അയക്കുന്നയാളിന്റെ പേര് എന്നിവ സഹിതം മറ്റൊരാൾക്ക് അഭ്യർഥന അയക്കാം.
പണം നൽകുന്നയാൾക്ക് പണം പറ്റുന്നയാളിന്റെ പേരും ആവശ്യമായ തുകയും സഹിതമാണ് റിക്വസ്റ്റ് ലഭിക്കുക. ഇവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് അഭ്യർഥന സ്വീകരിക്കാനും നിരസിക്കാനും കഴിയും. സ്വീകരിക്കുന്ന പക്ഷം, അപേക്ഷ അയച്ച ആളിലേക്ക് പണം തത്സമയം കൈമാറ്റപ്പെടും. ജൂലൈ 30മുതൽ പ്രാബല്യത്തിൽ വന്ന റിക്വസ്റ്റ് ടു പേ ദോഹ ബാങ്ക്, ഖത്തർ ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽ റയാൻ, ക്യു.ഐ.ഐ.ബി എന്നിവയിൽ ലഭ്യമാണ്. അപേക്ഷ നൽകുന്നതിനൊപ്പം, ഇൻകമിങ് റിക്വസ്റ്റ് റിവ്യൂ, ഔട്ട് ഗോയിങ് റിക്വസ്റ്റ് ട്രാക്ക് സൗകര്യങ്ങളും ഇതോടൊപ്പമുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)