മുതിർന്ന പൗരന്മാർക്ക് നിക്ഷേപിക്കാവുന്ന 5 പദ്ധതികൾ; അറിയാം കൂടുതല്‍
സ്ഥിരമായ വരുമാനം നേടുന്നതിനും നിങ്ങളുടെ ദൈനംദിന ചെലവുകൾ കഴിഞ്ഞുപോകുന്നതിനും, നിരവധി സുരക്ഷിത നിക്ഷേപ പദ്ധതികളുണ്ട്. അവയിൽ ചിലത് നോക്കാം.
1) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്)
പരമാവധി 30 ലക്ഷം രൂപ വരെ ഒറ്റത്തവണ നിക്ഷേപിക്കാനും പലിശ രൂപത്തിൽ ത്രൈമാസികമായി വരുമാനം നേടാനും കഴിയുന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് എസ്.സി.എസ്.എസ്. 1000 രൂപ കുറഞ്ഞ നിക്ഷേപമുള്ള ഈ പദ്ധതിയിൽ 8.2 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ മൂന്ന് വർഷം കൂടി അക്കൗണ്ട് നീട്ടാനും സാധിക്കും. മാത്രമല്ല, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
2) സിസ്റ്റമാറ്റിക് വിത്‌ഡ്രവൽ പ്ലാൻസ് (എസ്.ഡെബ്യൂ.പി)
ഒരു മൂച്വൽ ഫണ്ടിൽ നിന്ന് നിങ്ങളുടെ പണം വ്യവസ്ഥാപിതമായി പിൻവലിക്കാനുള്ള ഒരു മാർഗമാണിത്. ഈ പദ്ധതി പ്രകാരം, നിങ്ങൾക്കൊരു മൂച്വൽ ഫണ്ട് പദ്ധതിയിൽ ഒരു തുക നിക്ഷേപിക്കാനും അതിൽ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക പിൻവലിക്കാനും സാധിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിൽ പലിശ കൂടിച്ചേരുന്ന പ്രകാരം, പിൻവലിക്കുന്ന തുക വളർച്ചാ നിരക്കിനേക്കാൾ കുറവാണെങ്കിൽ അതിൽ നിന്ന് ഒരുപാട് കാലത്തേക്ക് പ്രതിമാസ വരുമാനം നേടാൻ സാധിക്കും.
3) ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി)
ബാങ്കുകളും പോസ്റ്റ് ഓഫീസും നിരവധി സ്ഥിര നിക്ഷേപ പദ്ധതികൾ നടത്തുന്നുണ്ട്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള ഇത്തരം നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നു. ഒരാൾക്ക് ഒരു സ്ഥിര നിക്ഷേപ പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപം നടത്താനും വാർഷികമായി പലിശ നേടാനും സാധിക്കും. കാലാവധിയെത്തുമ്പോൾ നിങ്ങളുടെ നിക്ഷേപ തുക തിരികെ ലഭിക്കുന്ന സുരക്ഷിതമായ ഒരു റിട്ടേൺ പദ്ധതിയാണ് സ്ഥിര നിക്ഷേപങ്ങൾ.
4) നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം അക്കൗണ്ട് (എം.ഐ.സി)
ഒരാൾക്ക് സിംഗിൾ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആയി നിക്ഷേപം നടത്താവുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണിത്. ഒരു സിംഗിൾ അക്കൗണ്ടിൽ ഒരാൾക്ക് പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. പ്രതിമാസം 7.4 ശതമാനം പലിശ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഒരു സിംഗിൾ അക്കൗണ്ടിൽ നിന്ന് ഒരാൾക്ക് 5550 രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് പരമാവധി 9250 രൂപ വരെയും പ്രതിമാസം വരുമാനമായി ലഭിക്കുന്നു.
5) ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകൾ
7 വർഷത്തെ ലോക്ക് – ഇൻ കാലയളവുള്ള ഈ പദ്ധതിയിൽ 8.05 ശതമാനമാണ് വാർഷിക പലിശ നിരക്ക്. എങ്കിലും, പലിശ നിരക്ക് പദ്ധതികൾക്കനുസരിച്ച് മാറുന്നതായിരിക്കും. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണെങ്കിലും പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1957 ലെ വെൽത്ത് ടാക്സ് ആക്ട് പ്രകാരം ബോണ്ടുകളെ വെൽത്ത് ടാക്സിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)