ഖത്തറിലേക്ക് പോകേണ്ട വിമാനം ഒമാനിൽ ഇറങ്ങി; അന്തം വിട്ടു യാത്രക്കാർ
ദോഹ: ബുധനാഴ്ച രാവിലെ പത്തിന് കോഴിക്കോട്ടുനിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 375 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ഒമാനിലെ മസ്കത്തിലിറക്കി. ഇതോടെ, ബുധനാഴ്ച ഉച്ചയോടെ ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376 വിമാനത്തിന്റെ സർവിസും ക്യാൻസൽ ചെയ്തു. സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം, മസ്കത്തിൽ നിന്ന് വിമാനം വൈകാതെ ദോഹയിലെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ 9.50നായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് നിന്ന് ദോഹയിലേക്ക് പറന്നത്.
ഈ വിമാനത്തിന്റെ ദോഹയിലേക്കുള്ള യാത്ര വൈകിയതോടെയാണ് ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട കോഴിക്കോട് സർവിസും അനിശിതത്ത്വത്തിൽ ആയത് . വിമാനം പുറപ്പെടുന്നതിൽ കാലതാമസമുണ്ടെന്നായിരുന്നു ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ആദ്യം നൽകിയ അറിയിപ്പ്. നാട്ടിലേക്ക് മടങ്ങാനായി ചെക് ഇൻ ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് മസ്കത്തിൽ നിന്നുള്ള വിമാനത്തിന്റെ വരവ് വൈകുമെന്ന് ഉറപ്പായതോടെ ക്യാൻസൽ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. വാർഷിക അവധിക്ക് കുടുംബ സമേതം പുറപ്പെട്ടവരും,ബന്ധുവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് പുറപ്പെട്ടവരും, ഉൾപ്പെടെയുള്ള യാത്രക്കാരെവട്ടം കറക്കുന്നതായിരുന്നു അപ്രതീക്ഷിതമായ മുടക്കം.
അടിയന്തര യാത്രക്കാർക്ക് രാത്രിയിലേക്ക് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് അനുവദിക്കുകയും മറ്റുള്ളവർക്ക് വ്യാഴാഴ്ചത്തെ കോഴിക്കോട് വിമാനത്തിന് ടിക്കറ്റ് അനുവദിച്ചതായി യാത്രക്കാരിൽ ഒരാളായ അബ്ദുൽ റഊഫ് മലപ്പുറം പറഞ്ഞു. ജീവനക്കാരുടെ സമരത്തെ തുടർന്നുള്ള സർവിസ് മുടക്കവും വൈകിപ്പുറപ്പെടലും സൃഷ്ടിച്ച അനിശ്ചിതത്ത്വങ്ങൾക്കിടയിലാണ് എയർ ഇന്ത്യ എക്സ്പ്രസിലെ യാത്ര പ്രവാസി മലയാളികൾക്ക് വീണ്ടും തലവേദന ആയി മാറുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)