ഖത്തറിൽ കനത്ത ചൂട്; തീപിടിക്കാതിരിക്കാൻ ജാഗ്രത വേണം
ദോഹ: ചൂട് ശക്തിപ്രാപിക്കുമ്പോൾ കെട്ടിടങ്ങളിലും താമസകേന്ദ്രങ്ങളിലും തീപിടിത്ത സാധ്യത മുന്നിൽകണ്ട് മുൻകരുതൽ സ്വീകരിക്കാൻ നിർദേശിച്ച് സിവിൽ ഡിഫൻസ് വിഭാഗം.
കഴിഞ്ഞ ദിവസം, വെസ്റ്റ് ബേയിലെ അൽ അബ്റാജ് ഏരിയയിൽ ബഹുനില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുൻകരുതൽ നിർദേശം ആവർത്തിച്ചത്.
കെട്ടിടങ്ങളിലെ അഗ്നിശമന, സുരക്ഷ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ കെട്ടിട ഉടമകളോട് അഭ്യർഥിച്ചു. ഭാവിയിൽ സമാനമായ തീപിടിത്തങ്ങൾ ഒഴിവാക്കാൻ കെട്ടിടത്തിലുടനീളം അലാറം, അഗ്നിശമന ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം തുടർച്ചയായി പരിശോധിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ഓപറേഷൻ ഡയറക്ടർ ലെഫ്. കേണൽ അബ്ദുല്ല മുഹമ്മദ് അൽ ഹെയ്ൽ ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ നിർദേശിച്ചു.
വെസ്റ്റ് ബേയിലെ അഗ്നിബാധ വിവിധ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ ആളപായമൊന്നും കൂടാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി ലെഫ്. കേണൽ അൽ ഹെയ്ൽ കൂട്ടിച്ചേർത്തു.
അഗ്നിബാധയുണ്ടായതായി നാഷണൽ കമാൻഡ് സെന്ററിലെ എമർജൻസി സർവിസുകൾക്ക് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഉടനടി ഫയർഫോഴ്സ് നീങ്ങുകയും മൂന്ന് ടീമുകളായി തിരിഞ്ഞ് അവിടെ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, അഗ്നിശമന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)