ഫിഫ റാങ്കിങ്ങിൽ ഖത്തർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 34ൽ
ദോഹ: ഫിഫ റാങ്കിങ്ങിൽ ഖത്തർ ദേശീയ ഫുട്ബാൾ ടീം ഒരു സ്ഥാനം മുന്നോട്ട് കയറി 34ാമതെത്തി. ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന സൗഹൃദ മത്സരങ്ങളും മൂന്ന് കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകളും റാങ്കിങ് നിർണയിക്കുന്നതിൽ പ്രധാന ഘടകമായി.
രണ്ട് മാസങ്ങളിലായി അന്താരാഷ്ട്ര തലത്തിൽ 125 മത്സരങ്ങളാണ് നടന്നത്. ഏഷ്യയിൽ ജപ്പാൻ, ഇറാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവർക്ക് പിറകിലായി അഞ്ചാമതാണ് ഖത്തറിന്റെ സ്ഥാനം.
2024 കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ മുന്നിലുള്ളത്.ഫ്രാൻസാണ് രണ്ടാമത്. യൂറോകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനം മുന്നോട്ടു കയറി മൂന്നാമതെത്തിയപ്പോൾ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് നാലാമതെത്തി. നാലാം സ്ഥാനത്തായിരുന്ന ബ്രസീൽ കോപ്പ അമേരിക്ക ക്വാർട്ടറിൽ പുറത്തായതോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു.
2026 ഫുട്ബാൾ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ട് സെപ്റ്റംബറിൽ തുടങ്ങാനിരിക്കുകയാണ്.
മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ബെർത്ത് ഉറപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ജൂണിൽ നടന്ന രണ്ടാം റൗണ്ടിലെ അവസാന മത്സരങ്ങളിൽ അഫ്ഗാനെതിരെ സമനിലയിൽ കുരുങ്ങിയ ഖത്തർ, തൊട്ടടുത്ത മത്സരത്തിൽ പൊരുതിക്കളിച്ച ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മൂന്നാം റൗണ്ടിലേക്കുള്ള നില ഭദ്രമാക്കിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)