മെട്രാഷ് 2: ഇനി വിസയിലെ പേരും വിവരങ്ങളും എളുപ്പത്തിൽ മാറ്റാം, അറിയാം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഒൺലൈൻ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2ലൂടെ വ്യക്തികൾക്കും കമ്പനികൾക്കും വിസയിലെ വിവരങ്ങൾ (പാസ്പോർട്ട്, പേര്) എന്നിവ വേഗത്തിലും എളുപ്പത്തിലും മാറ്റാമെന്ന് ഖത്തർ ഇ-ഗവൺമെന്റ് പോർട്ടലായ ഹുകൂമി അറിയിച്ചു. ഇതിനായി മെട്രാഷ് 2 ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത ശേഷം ആക്സസ് വിസ എന്ന കോളം ക്ലിക്ക് ചെയ്യണം. തുടർന്ന് വിവരങ്ങൾ മാറ്റാനുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക. പിന്നീട് വ്യക്തിഗത ഇടപാടോ കമ്പനി ഇടപാടോ എന്ന് വ്യക്തമാക്കുക. ഇവിടെ വിസ നമ്പർ നൽകി അടുത്ത പേജിലേക്ക് പ്രവേശിക്കാം. ഈ പേജിൽ വിസയിലെ വിവരങ്ങൾ (പാസ്പോർട്ട്, പേര്) തിരുത്താവുന്നതാണ്. വിവരങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് തുടർ നടപടികളിലേക്ക് പ്രവേശിക്കേണ്ടത്.
പാസ്പോർട്ടിലെ വിവരങ്ങൾ തിരുത്തുന്ന സേവനമാണ് ആവശ്യമുള്ളതെങ്കിൽ അതിന്റെ പകർപ്പ് കൂടെ അറ്റാച്ച് ചെയ്യണം. സേവനം സൗജന്യമാണ്. നിലവിൽ മെട്രാഷ് 2 ആപ്പിലൂടെ വിവിധ വകുപ്പുകളിലായി 300ലധികം സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും കമ്പനികൾക്കുമായി നൽകുന്നത്. നേരത്തേ മന്ത്രാലയത്തിലും സർക്കാർ സേവന കാര്യാലയങ്ങളിലും നേരിട്ടെത്തി കൂടുതൽ സമയമെടുത്ത് ചെയ്യേണ്ടിയിരുന്ന നിരവധി സേവനങ്ങൾ ഇപ്പോൾ ഏതാനും ക്ലിക്കുകളിലൂടെ ചെയ്ത് പൂർത്തിയാക്കാം.
താമസാനുമതി വേഗത്തിൽ പുതുക്കാം
വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും മെട്രാഷ് ആപ് വഴി താമസ അനുമതി (റെഡിസന്റ് പെർമിറ്റ്) വേഗത്തിൽ പുതുക്കാമെന്ന് ഹുകൂമി എക്സിലൂടെ അറിയിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ താഴെ:
- മെട്രാഷ് 2 ലോഗിൻ ചെയ്യുക.
- റെസിഡൻസി മെനു ക്ലിക്ക് ചെയ്ത് റെസിഡൻസി പുതുക്കുക എന്നത് തെരഞ്ഞെടുക്കുക.
- ഉദ്ദേശിക്കുന്ന താമസാനുമതിയുടെ നമ്പർ നൽകി ‘ചേർക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- വ്യക്തിയോ കമ്പനിയോ എന്ന് വ്യക്തമാക്കുക.
- പുതുക്കാൻ ആഗ്രഹിക്കുന്ന താമസാനുമതിയുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ‘തുടരുക’ ക്ലിക്ക് ചെയ്യണം.
Comments (0)