കൊച്ചി തുറമുഖത്ത് പ്രവാസികളുടെ 50 കണ്ടെയ്നർ സാധനങ്ങൾ കെട്ടിക്കിടക്കുന്നു
ദോഹ: ഗൾഫിൽനിന്ന് സാധാരണക്കാർ അയച്ച 50 കണ്ടെയ്നറിലധികം സാധനങ്ങൾ ക്ലിയറൻസ് ലഭിക്കാതെ ഏപ്രിൽ മുതൽ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു. ഡോർ ടു ഡോർ രീതിയിൽ കാർഗോ കമ്പനികൾ വഴി ഗൾഫിലെ സാധാരണ പ്രവാസികൾ അയച്ച ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് ഈ ബാഗേജുകളിലുള്ളത്.
ഒരു കണ്ടെയ്നിൽ കുറെ ആളുകളുടെ സാധനങ്ങൾ അയച്ച് ഒന്നോ രണ്ടോ പേരുടെ പേരിൽ ക്ലിയർ ചെയ്യുകയാണ് വർഷങ്ങളായി ചെയ്തിരുന്നത്. കുറച്ച് സാധനങ്ങൾ അയക്കുന്ന ഓരോരുത്തരും നേരിട്ടെത്തി ക്ലിയർ ചെയ്യുന്നത് ചെലവ് വർധിക്കുമെന്നതിനാലും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാണ് ഇങ്ങനെ കൺസോൾ ചെയ്തിരുന്നത്. ഇതിന് പിഴയും സാധാരണ ക്ലിയറൻസിനേക്കാൾ ഡ്യൂട്ടി തുകയും അടക്കണം.
അത് അടച്ചാണ് ഡോർ ടു ഡോർ കാർഗോ ബിസിനസ് ഈ രീതിയിൽ വർഷങ്ങളായി നടത്തിയിരുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്ന അധികൃതരുടെ കർശന നിലപാടാണ് കുരുക്കായത്. എന്നാൽ, വർഷങ്ങളായി ചെയ്തിരുന്ന രീതിയിൽ മാറ്റമുണ്ടാകുന്നതിന് മുമ്പ് നോട്ടിഫിക്കേഷൻ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കാർഗോ കമ്പനികൾ പറയുന്നു.
അയച്ചു കഴിഞ്ഞ സാധനങ്ങളെങ്കിലും കർശനമായ പരിശോധനകൾക്ക് ശേഷം വിട്ടുനൽകണമെന്നാണ് ഇവരുടെ ആവശ്യം. തുടർന്നുള്ള ഇടപാടിൽ അധികൃതർ നിഷ്കർഷിക്കുന്ന വ്യവസ്ഥക്കനുസരിച്ച് നീങ്ങാമെന്ന് കമ്പനികൾ സമ്മതിക്കുന്നു.
ഉപഭോക്താക്കളിൽനിന്നുള്ള കനത്ത സമ്മർദം ഇവർക്കുണ്ട്. വലിയ സാമ്പത്തിക ബാധ്യതയും ഇവരുടെ മേൽ വന്നുചേരുന്നു. കണ്ടെയ്നർ കമ്പനികൾക്ക് ഡെമറേജ് ഇനത്തിൽ ലക്ഷങ്ങൾ നൽകണം. കസ്റ്റംസിൽ കിടക്കുന്നതിനനുസരിച്ച് ഫീസും നൽകണം. 14 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ, പിന്നീടുവരുന്ന ഓരോ ദിവസത്തിനും വലിയ തുക കപ്പൽ ഏജൻസികൾക്ക് ഡെമറേജായി നൽകണം.
20 അടി കണ്ടെയ്നറിന് 8,000 മുതൽ 15,000 രൂപ വരെ പ്രതിദിനം ഡെമറേജ് നൽകണം. 40 അടി കണ്ടെയ്നറിന് 10,000 മുതൽ 20,000 രൂപ വരെയാണ് ഡെമറേജ്. കൊച്ചിയിൽ കെട്ടിക്കിടക്കുന്ന സാധനങ്ങൾ ക്ലിയർ ചെയ്ത് ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകിയാലും കമ്പനികൾക്ക് നഷ്ടക്കച്ചവടമാണ്.
എന്നാൽ, സാങ്കേതികക്കുരുക്ക് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് നഷ്ടം സഹിച്ചും ക്ലിയറൻസ് പൂർത്തിയാക്കി സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാൻ കമ്പനികൾ ശ്രമിക്കുന്നത്. സമയം, വൈകുന്നതിനനുസരിച്ച് സാധനങ്ങൾ നശിക്കാൻ സാധ്യത ഏറുകയാണ്. ഗൃഹപ്രവേശം ഉൾപ്പെടെ അടിയന്തരാവശ്യങ്ങൾക്കായി അയച്ച സാധനങ്ങളും തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7
Comments (0)