ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് മണിക്കൂറുകൾ വൈകി
ദോഹ: വെള്ളിയാഴ്ച ഉച്ചക്കുള്ള ദോഹ-കോഴിക്കോട് വിമാന സർവിസ് തലേ ദിവസം രാത്രി റദ്ദാക്കി ദുരിതം വിതച്ച എയർ ഇന്ത്യ എക്സ്പ്രസ് വക യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി. വെള്ളിയാഴ്ച രാത്രി പത്തിന് പുറപ്പെടേണ്ട വിമാനം രാത്രി ഒരു മണിയിലേക്ക് ഷെഡ്യൂൾ മാറ്റി. യാത്രക്കാർ വിമാനത്താവളത്തിൽ ബോർഡിങ് കൗണ്ടറിൽ എത്തിയിട്ടും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നില്ല.
‘തീരുമാനമായില്ല, കാത്തിരിക്കൂ’ എന്ന അറിയിപ്പാണ് വിമാനത്താവളത്തിലെത്തിയവർക്ക് ആദ്യം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയിലെ വിമാനം റദ്ദാക്കിയതിനാൽ ടിക്കറ്റ് മാറ്റിയെടുത്തവരും ഇവരിലുണ്ടായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ ആറരക്ക് തന്നെ കൗണ്ടറിലെത്തിയവർ രാത്രി വൈകിയും അനിശ്ചിതത്വത്തിൽ തുടർന്നു. പെട്ടെന്ന് സർവിസ് റദ്ദാക്കിയും അനിശ്ചിതമായി വൈകിയും എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുകയാണ്. ശനിയാഴ്ചത്തെ 16 സർവിസുകളാണ് റദ്ദാക്കിയിട്ടുള്ളത്.
തിരുവനന്തപുരം -അബൂദബി, അബൂദബി -തിരുവനന്തപുരം, കണ്ണൂർ -മസ്കത്ത്, മസ്കത്ത് -കണ്ണൂർ, കണ്ണൂർ -അബൂദബി, അബൂദബി -കണ്ണൂർ, കോഴിക്കോട് -ദുബൈ, ദുബൈ -കോഴിക്കോട്, കോഴിക്കോട് -ബഹ്റൈൻ, ബഹ്റൈൻ -കോഴിക്കോട്, തിരുച്ചിറപ്പള്ളി -കുവൈത്ത്, കുവൈത്ത് -തിരുച്ചിറപ്പള്ളി, കൊച്ചി -റിയാദ്, റിയാദ് -കൊച്ചി, ചെന്നൈ -ദമ്മാം, ദമ്മാം -ചെന്നൈ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശനിയാഴ്ച റദ്ദാക്കിയ വിമാനങ്ങളുടെ പട്ടികയിൽ ദോഹ സെക്ടറിലെ ഒന്നുമില്ല.
വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് ദോഹയിൽനിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാത്രി ഏഴരക്ക് ശേഷമാണ് യാത്രക്കാരെ മെയിൽ വഴി അറിയിക്കുന്നത്. മറ്റൊരു വഴി കണ്ടെത്താൻ സാവകാശം നൽകാതെയുള്ള അപ്രതീക്ഷിത അറിയിപ്പ് യാത്രക്കാർക്ക് ഇരുട്ടടിയായി. അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യയുടെ പിടിപ്പുകേടുമൂലം പ്രയാസത്തിലായത്.
യാത്ര മുടങ്ങിയ പലരും മറ്റ് വിമാനക്കമ്പനികൾക്ക് ഉയർന്ന നിരക്ക് നൽകി യാത്ര നടത്താൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭ്യമല്ലാത്തത് പ്രയാസത്തിലാക്കി. വെള്ളിയാഴ്ച രാത്രിയിലെ എയർ ഇന്ത്യ എക്സ്പ്രസിലേക്ക് യാത്ര മാറ്റി നിശ്ചയിച്ചവർക്ക് രണ്ടുദിവസത്തെ ദുരിതമായി. വെള്ളിയാഴ്ച പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് മസ്കത്തിൽ എത്തുന്ന വിമാനവും മസ്കത്തിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് ഉച്ചക്ക് 12.10ന് കോഴിക്കോട് എത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. മസ്കത്തിൽനിന്ന് ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും മുടങ്ങിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)